Readers edit

വാര്‍ഡ് സംവരണരീതി മാറ്റണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ 50 ശതമാനം വനിതകളാകണമെന്നാണ് നിയമം. അതില്‍ 10 ശതമാനം പട്ടികജാതി വനിതകളുമായിരിക്കണം. അവശേഷിക്കുന്ന 50 ശതമാനം ജനറല്‍ സീറ്റുകളിലും 10 ശതമാനം പട്ടികജാതി വിഭാഗത്തിനായി മാറ്റിവയ്ക്കണം. ചുരുക്കത്തില്‍ ജനറല്‍ വിഭാഗത്തില്‍ മല്‍സരിക്കാന്‍ ലഭിക്കുന്നത് 45 ശതമാനത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ്. അതുകൊണ്ടാണ് സംവരണ വാര്‍ഡുകള്‍ കണ്ടെത്താന്‍ നറുക്കെടുപ്പ് വേണ്ടിവരുന്നതും ഒരിക്കല്‍ സംവരണ സീറ്റുകളായിരുന്നവ അങ്ങനെ തുടരുന്നതും.
ആകെ സംവരണ വാര്‍ഡുകള്‍ 50 ശതമാനത്തില്‍ ഒതുക്കിനിര്‍ത്തുകയാണ് ഇതിനുള്ള ഒരു പരിഹാരം. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ ആകെ സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന സുപ്രിംകോടതിവിധി ഇവിടെയും നടപ്പാക്കാവുന്നതേയുള്ളൂ. അങ്ങനെ വരുന്നപക്ഷം ആകെയുള്ള സീറ്റുകളില്‍ പകുതി ജനറല്‍ സീറ്റുകളും ബാക്കി പകുതി വനിത, പട്ടികജാതി ജനറല്‍, പട്ടികജാതി വനിതാ സംവരണ സീറ്റുകളായും മാറും. അപ്പോള്‍ ഒരിക്കല്‍ സംവരണ സീറ്റുകളായിരുന്നവ അടുത്ത തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളായും ജനറല്‍ സീറ്റുകള്‍ സംവരണ സീറ്റുകളായും മാറും.
ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന (ഉദാ: 19) വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ പകുതിയിലധികം സീറ്റുകള്‍ (10 എണ്ണം) വനിതകള്‍ക്കായി നീക്കിവയ്‌ക്കേണ്ടിവരുന്നു. അവശേഷിക്കുന്ന ഒമ്പതില്‍ ഒരു സീറ്റ് പട്ടികജാതി സംവരണമായും മാറുന്നതോടെ എട്ടു സീറ്റുകള്‍ മാത്രമാണ് ജനറല്‍ വിഭാഗത്തിനു ലഭിക്കുന്നത് (42 ശതമാനം). എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും സീറ്റുകള്‍ ഇരട്ടസംഖ്യയില്‍ അവസാനിക്കുന്ന രീതിയില്‍ (20-22) ക്രമീകരിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണാം.
ആകെയുള്ള സീറ്റുകളില്‍ 40 ശതമാനം വനിത, 30 ശതമാനം ജനറല്‍, 30 ശതമാനം പുരുഷന്‍ എന്നിങ്ങനെ സംവരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും സംവരണം ചെയ്യുന്നവയില്‍ 10 ശതമാനം വീതം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും നീക്കിവയ്ക്കണം. 2020ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പായി ജനസംഖ്യ ഏറക്കുറേ തുല്യമായി വരത്തക്കവിധം കേരളത്തിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ പുനഃക്രമീകരിക്കുകയും വാര്‍ഡ് പുനര്‍വിഭജനം നടത്തുകയും വേണം.
പ്രസ്തുത വാര്‍ഡുകളില്‍ ജനറല്‍, വനിത, പട്ടികജാതി ജനറല്‍, പട്ടികജാതി വനിത എന്നിവ മാറിമാറി വരത്തക്കവിധം ക്രമീകരണം നടത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നപക്ഷം ഏതൊക്കെ മണ്ഡലങ്ങള്‍ ഏതൊക്കെ തിരഞ്ഞെടുപ്പുകളില്‍ സംവരണമാവുമെന്ന് മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താനും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവസരം ലഭിക്കും. കുപ്പായം തയ്പിച്ച് കാത്തിരുന്ന് അവസാനം നിരാശരാവേണ്ട അവസ്ഥ വരില്ല.

അഹമ്മദുണ്ണി കാളാച്ചാല്‍
ആലംകോട്



Next Story

RELATED STORIES

Share it