kannur local

വാര്‍ഡുതല ശുചീകരണത്തിന് 25000 രൂപ

കണ്ണൂര്‍: മഴക്കാല പൂര്‍വശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും ജനപങ്കാളിത്തത്തോടെ നടത്താന്‍ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പകര്‍ച്ചവ്യാധിയില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ ഇതിനായി വാര്‍ഡുതലത്തില്‍ ശുചീകരണവും ബോധവല്‍കരണവും നടത്തും. ജൂണ്‍ 5ന് ഓരോ പ്രദേശത്തെയും സാമൂഹിക രാഷ്ട്രീയ, സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണത്തിനായി വിപുലമായ സന്നദ്ധ പ്രവര്‍ത്തനവും ആസൂത്രണം ചെയ്യും. വാര്‍ഡുതലത്തില്‍ 25,000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനായി ലഭിക്കും.
ശുചിത്വമിഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ വിഹിതമായി 10,000 രൂപ വീതവും തദ്ദേശസ്ഥാപനത്തിന്റെ വിഹിതമായി 5000 രൂപയുമാണ് ലഭിക്കുക. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ തല്‍ക്കാലം പണം വിനിയോഗിച്ച് ശുചിത്വമിഷന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും വിഹിതം ലഭിക്കുമ്പോള്‍ റീകൂപ്പ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രധാന റോഡുകളിലെ ഓടകള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പും കെഎസ്ടിപിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഓടകളുടെ ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നതും ആലോചിക്കും. ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കും. യോഗത്തില്‍ പി കെ ശ്രീമതി എംപി, നിയുക്ത എംഎല്‍എമാരായ സി കൃഷ്ണന്‍, എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മേയര്‍ ഇ പി ലത, ജില്ലാ പോലിസ് മേധാവി പി ഹരിശങ്കര്‍, എഡിഎം എച്ച് ദിനേശന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it