വാര്‍ഡനെ ആക്രമിച്ച് ജയില്‍ ചാടിയ കേസ്; പ്രതികള്‍ക്ക് മൂന്നേകാല്‍ വര്‍ഷം തടവും പിഴയും

വിദ്യാനഗര്‍: വാര്‍ഡനെ ആക്രമിച്ച ശേഷം ജയില്‍ ചാടിയ കേസിലെ പ്രതികളെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നേകാല്‍ വര്‍ഷം വീതം തടവിനും 2000 രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സനു എസ് പണിക്കര്‍ ശിക്ഷിച്ചു.
ബോവിക്കാനം, മല്ലം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും ഇടുക്കി പീരുമേട് സ്വദേശി കൊക്കയാര്‍ ഓലപ്പുരയ്ക്കല്‍ ഹൗസില്‍ തങ്കച്ചന്‍ എന്ന രാജന്‍ എന്ന തെക്കന്‍ രാജന്‍ (62), മഞ്ചേശ്വരം സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു കൊലക്കേസില്‍ പ്രതിയായും ഹൊസബെട്ടു ഹുര്‍ണി ഹൗസ് സ്വദേശിയുമായ മുഹമ്മദ് ഇക്ബാല്‍ (31), കാറഡുക്ക കര്‍മന്തൊടി കാവുങ്കാലിലെ രാജേഷ് (34), ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ശിക്ഷിച്ചത്.
2012 നവംബര്‍ 20ന് പുലര്‍ച്ചെ 5.45ന് കാസര്‍കോട് സബ് ജയിലിലാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ജയില്‍ വാര്‍ഡനായ കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശി പവിത്ര(42)നെ ബക്കറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വധശ്രമം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ജയില്‍ചാടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ വധശ്രമം, ഗുഢാലോചന എന്നിവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
Next Story

RELATED STORIES

Share it