വാരണാസി ജയിലില്‍ ഏറ്റുമുട്ടല്‍; സൂപ്രണ്ടിനെ തടവുകാര്‍ ബന്ദിയാക്കി

വാരണാസി: വാരണാസി ജില്ലാ ജയിലില്‍ ക്ഷുഭിതരായ തടവുകാരും ജയില്‍ ജീവനക്കാരും ഏറ്റുമുട്ടി. ജയില്‍ സൂപ്രണ്ടിനെ തടവുകാര്‍ ബന്ദിയാക്കി. പിന്നീട് മോചിപ്പിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയില്‍ ബാരക്കുകളുടെ ഒരു ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത തടവുകാര്‍ അത് അകത്തുനിന്ന് പൂട്ടി.
രണ്ടു തടവുകാരെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കുഴപ്പം തുടങ്ങിയതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. മോശം ഭക്ഷണം വിതരണം ചെയ്യുന്നതടക്കം പല പ്രശ്‌നങ്ങള്‍ തടവുകാര്‍ ഉന്നയിച്ചിരുന്നതായും അവര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ട് ആഷിഷ് തിവാരിയെയാണ് തടവുകാര്‍ ബന്ദിയാക്കിയത്.
തടവുകാരുടെ മര്‍ദ്ദനത്തില്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് അജയ് റായിക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിരവധി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയിലിനു ചുറ്റും നിരവധി പോലിസുകാരെ വിന്യസിച്ചു. തടവുകാര്‍ പിടിച്ചെടുത്ത ബാരക്കുകളിലേക്ക് കടക്കാന്‍ ശ്രമം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ജയിലിലെത്തി.
Next Story

RELATED STORIES

Share it