വാരണാസിയിലെ ഹനുമാന്‍ ജയന്തി; പാക് ഹൈകമ്മീഷണര്‍ക്കും ഗുലാം അലിക്കും ക്ഷണം

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വാരണാസിയില്‍ നടക്കുന്ന സംഗീതക്കച്ചേരിയില്‍ പങ്കെടുക്കാന്‍ പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിക്കും പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതിനും ഇന്ത്യയുടെ ക്ഷണം. വാരണാസിയിലെ സങ്കടമോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ വാര്‍ഷിക സംഗീതക്കച്ചേരിയുടെ ഉദ്ഘാടന പരിപാടിയിലേക്കാണ് ഇരുവര്‍ക്കും ക്ഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. ആറ് ദിവസം നീളുന്ന പരിപാടി ഈ മാസം 26ന് ആരംഭിക്കും. 57 പ്രമുഖ സംഗീതജ്ഞരും പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന്‍ അമിതാഭ് ബച്ചന്‍ തുടങ്ങിയവരും പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷികാഘോഷത്തിലും ഗുലാം അലി പങ്കെടുത്തിരുന്നു. രണ്ടു ദിവസം മുമ്പ് ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെയാണ് ഗുലാം അലിയെ ക്ഷണിച്ചതെന്നും ആദ്യ ദിനത്തില്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ക്ഷേത്ര ഭാരവാഹി വിശ്വംഭര്‍ മിശ്ര പറഞ്ഞു.
എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഗുലാം അലിയെ തടയുമെന്ന് ബിജെപിയുടെ പോഷകസംഘടനയായ ഹിന്ദു യുവ വാഹിനി (എച്ച്‌വൈവി) നേതാവും ഗോരഖ്പുര്‍ എംപിയുമായ ആദിത്യനാഥ് പറഞ്ഞു. അതേസമയം, സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഗുലാം അലിയെ ക്ഷണിച്ചതെന്ന് മിശ്ര പറഞ്ഞു. ആരും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ തടയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എച്ച്‌വൈവി പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it