Alappuzha local

വായ്പ തുകയുടെ മൂന്നിരട്ടി അടച്ചിട്ടും പ്രമാണം തിരിച്ചുനല്‍കുന്നില്ല

പട്ടണക്കാട്: വായ്പയെടുത്ത തുകയുടെ മൂന്നിരട്ടി അടച്ചിട്ടും പ്രമാണം തിരിച്ചു നല്‍കാതെ ഹൗസിങ് സഹകരണ സംഘം വായ്പ്പക്കാരന് ജപ്തി നോട്ടീസയച്ചു.
വീടു നിര്‍മിക്കാന്‍ എഴുപതിനായിരം രൂപ വായ്പയെടുത്ത വളമംഗലം വടക്ക് കുന്നത്തു കാവില്‍ രഘു പലിശയടക്കം 238427 രൂപ തിരിച്ചടച്ചിട്ടും ഈടുവച്ച പ്രമാണം മടക്കി നല്‍കുന്നില്ല എന്നാണ് പരാതി. കുത്തിയതോട് റൂറല്‍ ഹൗസിങ് കോ -ഓപറേറ്റീവ് സൊസൈറ്റിയാണ് അടച്ചുതീര്‍ത്ത ലോണിന്റെ പേരില്‍ ജപ്തി നോട്ടീസയച്ചും മറ്റും ഗുണഭോക്താവിനെ പീഡിപ്പിക്കുന്നത്.
2003-ലാണ് ലോണെടുത്തത്. 2014 ജൂലൈ വരെ 160000 രൂപ തിരിച്ചടച്ചതിന് ശേഷം 75427 രൂപ കുടിശ്ശികയായതായി കാട്ടി ലേല നോട്ടീസ് നല്‍കുകയായിരുന്നു. ലോണ്‍ കുടിശ്ശിക തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം സംഘത്തിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ ചിട്ടി പിടിച്ചു.
എന്നാല്‍ ചിട്ടി പിടിച്ചു കഴിഞ്ഞപ്പോ ഈട് നല്‍കാനില്ലെന്ന് പറഞ്ഞ് 47700 രൂപ ലോണ്‍ കുടിശ്ശികയിലേക്ക് വരവു വയ്ക്കുകയും ബാക്കി 40300 രൂപ മുതലില്‍ വരവു വയ്ക്കാതെ പലിശ പോലും നല്‍കാതെ സസ്‌പെന്‍സ് അക്കൗണ്ടില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തില്‍ ചിട്ടി അവസാനിക്കുന്നതിനാല്‍ ചിട്ടി തീരുന്നതുവരെയുള്ള തുക നിലനിര്‍ത്തിക്കൊണ്ട് ബാക്കി തുക മടക്കി നല്‍കാനുള്ള നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ അനുവദിച്ച പലിശയിളവും നല്‍കിയിരുന്നെങ്കില്‍ ഇടപാടു തീര്‍ത്ത് ഈ വസ്തു തന്നെ ചിട്ടിക്ക് സെക്യൂരിറ്റിയായി വയ്ക്കാമായിരുന്നുവെന്ന് രഘു പറയുന്നു.
ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. തൊഴില്‍ രഹിതയായ ഭാര്യയും ബുദ്ധി മാന്ദ്യവും സംസാര വൈകല്യവുമുള്ളതുമായ ഇളയകുട്ടിയുമടക്കം കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ സമയത്താണ് വസ്തു ലേലത്തിന് വച്ചത്. ഈഅവസ്ഥകള്‍ കാണിച്ച് ആലപ്പുഴ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പലിശയിളവ് നല്‍കിയും ഗഡുക്കള്‍ അനുവദിച്ചും വായ്പ അടച്ചു തീര്‍ക്കുന്നതിന് സാവകാശം നല്‍കാനും നടപടികള്‍ നിര്‍ത്തി വയ്ക്കാനും നിര്‍ദേശം നല്‍കിയിരുന്നു എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് രഘു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതയില്‍ പറയുന്നു. കുടിശിക നിവാരണത്തിനുള്ള ആശ്വാസ് പദ്ധതി നിലനില്‍ക്കെയാണ് ലേല നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഒരുമാസത്തിനുള്ളില്‍ ബാക്കി പണമടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. എന്നാല്‍ സമയത്ത് പണമടയ്ക്കാന്‍ സാധിക്കരുതെന്ന ഗൂഢ ലക്ഷ്യത്തോടെ നോട്ടീസ് നല്‍കിയതായും പരാതിയില്‍ പറയുന്നു. ഇതിനിടെ പ്രമാണം കാണാനില്ലെന്നാണ് സംഘം അധികൃതര്‍ പറയുന്നു. വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് രഘു പറഞ്ഞു.
Next Story

RELATED STORIES

Share it