വായ്പ തിരിച്ചടവ് മുടക്കം: കമ്പനികളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍  സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: 500 കോടിയിലേറെ വായ്പ തിരിച്ചടയ്ക്കാനുള്ള കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി. വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കോര്‍പറേറ്റ് കട പുനക്രമീകരണ പദ്ധതികളില്‍പ്പെടുത്തി വായ്പകള്‍ ക്രമീകരിച്ച കമ്പനികളുടെ പട്ടിക ആറാഴ്ചകള്‍ക്കകം സമര്‍പ്പിക്കാനും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ യു യു ലളിത്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. മതിയായ മാര്‍ഗ നിര്‍ദേശങ്ങളും തിരിച്ചടവിനുള്ള മാര്‍ഗങ്ങളും പരിശോധിക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വന്‍തോതില്‍ വായ്പകള്‍ നല്‍കിയതെങ്ങനെയാണെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചില കമ്പനിക ള്‍ക്ക് വായ്പ നല്‍കിയത് സംബന്ധിച്ച് ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയത്. കോര്‍പറേറ്റ് കമ്പനികളുടെ 40,000 കോടി കടമാണ് 2015ല്‍ എഴുതിത്തള്ളിയതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കോടതിയെ അറിയിച്ചു.
വീഴ്ച വരുത്തിയവരില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കാത്തതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it