വാതക പൈപ്പ്‌ലൈനുകള്‍ക്കെതിരേ പ്രതിഷേധം; മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഗെയില്‍

സ്വന്തം പ്രതിനിധി

കൊച്ചി: വാതക പൈപ്പ്‌ലൈനുകള്‍ക്കെതിരേ പ്രതിഷേധം വ്യാപകമായതോടെ പുതിയ തന്ത്രങ്ങളുമായി ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. കേരളത്തില്‍ പ്രതിഷേധങ്ങള്‍ ഒതുക്കാന്‍ കഴിയാതെ വന്നതോടെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗെയില്‍ കമ്പനി സ്വന്തം ചെലവില്‍ ഡല്‍ഹിയാത്ര ഒരുക്കുകയാണിപ്പോള്‍. കോഴിക്കോട് ജില്ലയിലെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഡല്‍ഹിയാത്ര കഴിഞ്ഞു മടങ്ങി.
തൃശൂരില്‍ നിന്നു തിരഞ്ഞെടുത്ത ചിലരാണ് അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നത്. കമ്പനിക്കെതിരേ വാര്‍ത്ത നല്‍കുകയും വാതക കുഴല്‍നിരയ്‌ക്കെതിരേ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്ന സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളെ പ്രത്യേകമായി ഉന്നം വയ്ക്കുന്നുണ്ട്. ഗെയില്‍ പൈപ്പ് സുരക്ഷിതമാണെന്നും മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രാപരിപാടിക്കു പുറമെ ചില പരസ്യ ഏജന്‍സികളെയും പബ്ലിക് റിലേഷന്‍സ് സ്ഥാപനങ്ങളെയും കൂട്ടുപിടിച്ച് മാധ്യമങ്ങളില്‍ അനുകൂല വാര്‍ത്ത വരുത്തുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാനായി നിലവില്‍വന്ന 1962ലെ നിയമമായ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍സ് ആക്റ്റില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നില്ലെന്നു പറയുന്ന വാര്‍ത്താക്കുറിപ്പാണ് കഴിഞ്ഞ ദിവസം അയച്ചത്. കേരളത്തെക്കാള്‍ ജനസാന്ദ്രതേയറിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പൈപ്പ്‌ലൈനുകള്‍ കടന്നുപോവുന്നുണ്ടെന്നും ഇതേപ്പറ്റി ഉയര്‍ത്തുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും പൊതുപുരോഗതിക്ക് പൈപ്പ്‌ലൈന്‍ പദ്ധതിയുമായി സഹകരിക്കണമെന്നുമാണ് കമ്പനിയുടെ അഭ്യര്‍ഥന. എന്നാല്‍, പിആന്റ്എംപി ആക്റ്റില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നില്ലെന്നു പറയുന്ന കമ്പനി ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അമേരിക്കന്‍ സ്റ്റാന്റേഡ് ഫോര്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് 31.8 കോഡും അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് 1104 കോഡും അനുസരിച്ചാണെന്നും പറയുന്നു.
31.8 കോഡ് അനുസരിച്ച് ഒരു മൈല്‍ നീളത്തില്‍ .25 മൈല്‍ വീതിയില്‍ പൈപ്പ് കടന്നുപോവുന്ന സ്ഥലത്തെ വീടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ജനസാന്ദ്രത അളക്കുകയാണു പതിവ്. വീടുകളുടെ എണ്ണം പത്തില്‍ താഴെയാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്‌സ് ക്ലാസ് ഒന്ന് ആയി കണക്കാക്കി അതനുസരിച്ച് പൈപ്പിന്റെ കനം നിശ്ചയിക്കും.
വീടുകളുടെ എണ്ണം 11നും 25നും ഇടയ്ക്കാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്‌സ് ക്ലാസ് രണ്ട് ആയി കണക്കാക്കി പൈപ്പിന്റെ കനം കൂട്ടും. എണ്ണം 26നും 45നും ഇടയിലാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്‌സ് ക്ലാസ് മൂന്ന് ആയും 46നു മുകളിലോ ആരാധനാലയം, സ്‌കൂള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലോ ആണെങ്കില്‍ ഇന്‍ഡെക്‌സ് നാല് ആയും പരിഗണിച്ച് കനംകൂടിയ ക്ലാസ് 3, 4 പൈപ്പുകളും ഉപയോഗിക്കും. ഇതാണ് ജനസാന്ദ്രത പരിഗണിച്ച് പൈപ്പിടുന്നതിന്റെ ശാസ്ത്രീയവശമെന്നും വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. എന്നാല്‍, പൈപ്പലൈനുകള്‍ കടന്നുപോവുന്ന ഭൂമിക്ക് കമ്പോളവില കൊടുക്കുന്ന കാര്യത്തില്‍ പത്രക്കുറിപ്പ് മൗനം പാലിക്കുകയാണ്.
Next Story

RELATED STORIES

Share it