Middlepiece

വാട്‌സ്ആപ്പ് കാലത്തെ നോമ്പ്

പി കെ സി ചോയിമഠം

രാവിലെ ഓഫിസിലേക്കു വരുമ്പോള്‍ സംസാരിക്കുകയും തമാശപറയുകയും ചെയ്ത ആളുടെ വേര്‍പാട് വാര്‍ത്ത വൈകുന്നേരം പത്രത്തിലാക്കേണ്ടിവന്ന ടെന്‍ഷനുമായി വൈകി വീട്ടിലെത്തുമ്പോള്‍ മകന്‍ മൊബൈലില്‍ കളിക്കുന്നതാണു കണ്ടത്. നീരസം പുറത്തുകാണിക്കാതെ ചോദിച്ചു: പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിനു പോയില്ലേ? അതേ, പോയിവന്നതാണ്. വെള്ളിയാഴ്ചരാവല്ലേ, യാസീന്‍ ഓതിയോ (ഏത് പുരോഗമനവാദിയാണെങ്കിലും വെള്ളിയാഴ്ചരാവിന്റെ പ്രത്യേകത നാം മറക്കാറില്ലല്ലോ). ഓതിക്കൊണ്ടിരിക്കുകയാ വാപ്പീ. അവന്റെ മറുപടി എന്നില്‍ അരിശമാണു വരുത്തിയത്. മൊബൈലിലാണോ നീ ഓതുന്നതെന്ന ചോദ്യത്തിന് ഡിഗ്രിക്ക് പഠിക്കുന്ന മകന്റെ ഉത്തരവും പെട്ടെന്നു വന്നു. വാപ്പീ മൊബൈലില്‍ ഞാന്‍ യാസീനും മറ്റും കുറേ നേരമായി ഓതിക്കൊണ്ടിരിക്കയാ.
ഒന്നും മിണ്ടാതെ അകത്തേക്കു കയറുമ്പോള്‍ നമസ്‌കാരത്തില്‍നിന്നു വിടവാങ്ങി ഭാര്യ അരികിലേക്കു വന്നു. നോമ്പു തുറക്കാനുള്ള ഭക്ഷണങ്ങള്‍ വിളമ്പിത്തന്നു. രാവിലെ സംസാരിച്ചു പിരിഞ്ഞ ആള്‍ വൈകുന്നേരം നോമ്പുതുറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മരണപ്പെട്ട വിവരവും അദ്ദേഹത്തിന്റെ ചരമവാര്‍ത്ത അയക്കേണ്ടിവന്ന അവസ്ഥയും സഹധര്‍മിണിയോട് പറഞ്ഞു നെടുവീര്‍പ്പിട്ടു.
മനസ്സില്‍നിന്ന് അദ്ദേഹവും മരണവും മായാതെ നിന്നതിനാല്‍ ഭക്ഷണത്തോട് താല്‍പര്യം തോന്നിയില്ല. കുറച്ചുനേരം ഇരുന്നശേഷം കുളിക്കാനായി പുഴയിലേക്കിറങ്ങാന്‍ നേരത്തും മകന്‍ കൈയിലിരുന്ന മൊബൈലില്‍ തന്നെ ഖുര്‍ആന്‍ ഓതുകയായിരുന്നു. കാലം മാറിപ്പോയിരിക്കുന്നു. പഴഞ്ചന്‍ രീതി ന്യൂജികള്‍ക്ക് അജ്ഞാതമാവുന്ന ഇക്കാലത്ത് ഖുര്‍ആന്‍ ഓത്തും മാറി. പള്ളിയുടെ മൂലയിലിരുന്ന് ഖുര്‍ആന്‍ ഉറക്കെ ഓതിയിരുന്ന കാലം കഴിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഓര്‍മവന്നത്. കഴിഞ്ഞ ദിവസം നമസ്‌കാരം കഴിഞ്ഞ ചെറുപ്പക്കാരന്‍ ഉടനെ തന്റെ ഫോണ്‍ എടുത്തുനോക്കുന്നു. പ്രായമായവരുടെ മനസ്സിലെ നീരസം അപ്പോള്‍ എനിക്കു മനസ്സിലായി. ഈ ചെക്കന്മാര്‍ക്ക് പള്ളിയിലും ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കാന്‍ മടിയില്ലേ. റബ്ബേ, ശരിയാണ്. ചെറുപ്പക്കാരന്‍ ഏറെനേരം ആ ഇരുത്തം അവിടെയിരുന്നു. അവസാനം ഫോണ്‍ തഴെ വച്ച് ദുആ ചെയ്യാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അദ്ഭുതം. ഫേസ്ബുക്ക് നോക്കിയ ശേഷം ദുആ ചെയ്യുന്ന ഇപ്പോഴത്തെ കാലത്തെ മനസ്സുകൊണ്ട് ശപിച്ച് ഞങ്ങള്‍ ഒജികള്‍ പുറത്തിറങ്ങി, ആരും ഒന്നും പറയാതെ; തങ്ങളുടെ മക്കളുടെ അവസ്ഥ വ്യത്യസ്തമല്ലെന്ന തിരിച്ചറിവില്‍.
കുളിച്ചുവന്നപ്പോള്‍ ഭാര്യ പറഞ്ഞു, അവളുടെ അനിയത്തി സൗദിയില്‍നിന്നു വിവിധതരം നോമ്പുവിഭവങ്ങളുടെ ഫോട്ടോകള്‍ വാട്‌സ്ആപ്പില്‍ വിട്ടിട്ടുണ്ടെന്ന്. പടച്ചോനെ, ഈ വാട്‌സ്ആപ്പ് കാലത്ത് തൊട്ടതും പിടിച്ചതും തിന്നുന്നതും ഒക്കെ വാട്‌സ്ആപ്പില്‍ അയക്കുന്നത് ജീവിതത്തിന്റെ ഭാഗമായിപ്പോയല്ലോ! ഞാന്‍ ഭാര്യയുടെ വാട്‌സ്ആപ്പ് പലഹാരത്തില്‍ അത്ര താല്‍പര്യം കാണിച്ചില്ല. ഒന്നു മൂളുക മാത്രം ചെയ്തു. അത് അവള്‍ക്കത്ര പിടിച്ചില്ലെന്നു മനസ്സിലായി. നിങ്ങളെ കൈയിലെ ആ പഴഞ്ചന്‍ ഫോണ്‍ മാറ്റി നല്ല ഒരു ടച്ച്‌ഫോണ്‍ വാങ്ങിക്കൂടേ? എന്തെല്ലാം ഗുണങ്ങളാണ് ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ ലഭിക്കുന്നത്. അവള്‍ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
കമ്പനി തന്ന ഫോണ്‍ പഴഞ്ചനായിപ്പോയെന്ന് മനസ്സിലായി. പുതിയതൊരെണ്ണം കൂടി വാങ്ങാന്‍ സാമ്പത്തികം സമ്മതിക്കുന്നുമില്ല. ചരമവാര്‍ത്തകളും മറ്റു വാര്‍ത്തകളും വിളിച്ചുപറയുന്നവരോട് ഇപ്പോള്‍ ഞങ്ങളും പറയാന്‍ തുടങ്ങി, ഫോട്ടോ മെയില്‍ ചെയ്യുമോ, പടം വാട്‌സ്ആപ്പില്‍ വിടുമോ. പഴയകാലത്തെ നോമ്പിനെ കുറിച്ചും അവ നല്‍കിയിരുന്ന ആത്മസംസ്‌കരണത്തെ കുറിച്ചും ചിന്തിക്കുന്നതിനിടയില്‍ ബ്യൂറോ ചീഫിന്റെ വിളി. അയച്ച വാര്‍ത്തകളില്‍ ചിലത് ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ല. ഒന്നുകൂടി അയക്കണമെന്ന്. സിസ്റ്റം ഓഫിസിലായതിനാല്‍ എന്തുചെയ്യുമെന്ന ആശങ്കയുണ്ടായി. ഓഫിസില്‍ പോയി വാര്‍ത്ത വീണ്ടും അയക്കുമ്പോഴേക്കും പതിനൊന്നരയെങ്കിലും കഴിയും. എന്തുചെയ്യുമെന്നറിയാതെ മിഴിച്ചുനിന്നപ്പോള്‍ മകന്‍ പറഞ്ഞു, എന്റെ ഫോണില്‍നിന്ന് അയച്ചാല്‍ പോരെ. അതേ, അതു ശരിയാണല്ലോ എന്നു തോന്നി. എന്റെ മെയില്‍ തുറന്ന്, അയച്ച വാര്‍ത്ത വീണ്ടും അയക്കുകയും ചെയ്തു. അവന്‍ ഫോണ്‍ തിരിച്ചുവാങ്ങി വീണ്ടും വാട്‌സ്ആപ്പില്‍ മുഴുകിയപ്പോള്‍ ഞാന്‍ പഴയ മുസ്ഹഫ് എടുക്കാന്‍ അകത്തേക്കു കയറി, വാടസ്ആപ്പ് കാലത്തെ നോമ്പിനെ കുറിച്ച ചിന്തകളുമായി.
Next Story

RELATED STORIES

Share it