Kollam Local

വാട്ടര്‍ ടാങ്ക് തകര്‍ന്ന് കുട്ടി മരിച്ച സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിയില്‍; കരാറുകാരനെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊല്ലം: കൈതക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് ഭൂജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. കൊല്ലം അസി. എന്‍ജിനീയര്‍ മഞ്‌ജേഷ്, പദ്ധതി കാലയളവില്‍ കൊല്ലത്ത് എസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറായറും ഇപ്പോള്‍ കോട്ടയത്ത് എഎക്‌സിയുമായ സെല്‍വന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെല്‍വന്‍ ഇന്നലെ ഉച്ചയോടെ കൊല്ലം ഓഫിസിലെത്തിയപ്പോഴായിരുന്നു എഴുകോണ്‍ സിഐ സി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവിടെ എത്തിയത്.

രണ്ട് ഉദ്യോഗസ്ഥരെയും കൊട്ടാരക്കര ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ഓഫിസര്‍ ജിജി തമ്പിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കുടിവെള്ള പദ്ധതിയുടെ കരാറുകാരന്‍ തിരുവനന്തപുരം സ്വദേശി അശോക് കുമാറിനെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു. അശോക് കുമാര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കിയ സൂചന. ഇയാളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ എല്ലാ കുടിവെള്ള പദ്ധതികളുടെയും സുരക്ഷാ പരിശോധന നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മധു ഉത്തരവിട്ടു.
കുടിവെള്ള പദ്ധതി ടാങ്ക് തകര്‍ന്ന് അപകടത്തില്‍ മരിച്ച പവിത്രേശ്വരം കൈതക്കോട് അബി ഗബ്രിയേലിന്റെ വീട് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഇന്നലെ സന്ദര്‍ശിച്ചു.
ഇത്തരത്തിലുള്ള മറ്റ് നിര്‍മിതികളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് പരമാവധി ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
അപകടത്തിന് കാരണമായ ടാങ്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുവാനും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
മന്ത്രിസഭാ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്ന് മന്ത്രി രാജു
പുത്തൂര്‍: കുടിവെള്ള ടാങ്ക് മറിഞ്ഞതിനെ തുടര്‍ന്ന് മരിച്ച അബിയുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം അനുവദിക്കുമെന്നും ഇത് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ താന്‍ തന്നെ അവതരിപ്പിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും വനം മന്ത്രി കെ രാജു.
പോലിസിന്റെയും ജില്ലാ കലക്ടറുടെയും റിപോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിരുന്നു. കുടിവെള്ള പദ്ധതിയുടെ ടാങ്ക് വീടിന് സമീപം സ്ഥാപിച്ചതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതേപ്പറ്റി കുറ്റമറ്റ തരത്തില്‍ അന്വേഷണം നടത്തുമെന്നും സ്ഥലം സന്ദര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാനും അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പവിത്രേശ്വരം പഞ്ചായത്തില്‍ ഇതിനൊപ്പം സ്ഥാപിച്ച മറ്റ് ആറ് കുടിവെള്ള പദ്ധതികളുടെയും സ്ഥിതി ഇതേ തരത്തിലാണെന്നാണ് പരാതികള്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ ഇതിലെല്ലാം പരിശോധന നടത്താനും പോരായ്മകള്‍ പരിഹരിക്കുവാനും നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി കെ രാജു പറഞ്ഞു.
Next Story

RELATED STORIES

Share it