വാട്ടര്‍ ടാങ്കുകള്‍ മറയാക്കി റിലയന്‍സ് 4ജി ടവറുകള്‍ സ്ഥാപിക്കുന്നു

റഹീം നെട്ടൂര്‍

കൊച്ചി: 4ജി സേവനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പുതിയ ടവറുകള്‍ സ്ഥാപിക്കുന്നത് വാട്ടര്‍ ടാങ്കുകള്‍ക്കകത്ത്. ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികളില്‍ നിന്ന് വന്‍ തോതിലുള്ള പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
കെട്ടിട ഉടമകളുമായി ധാരണയിലെത്തി പുതിയ വാട്ടര്‍ടാങ്കുകള്‍ക്കകത്ത് ജനറേറ്ററും ബാറ്ററിയും മറ്റെല്ലാ സജ്ജീകരണങ്ങളും ഒരുക്കി കെട്ടിടത്തിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്യുന്നത്. സാധാരണ വാട്ടര്‍ടാങ്കിനെക്കാള്‍ അല്‍പം ഉയരം മാത്രമേയുള്ളൂ ഇവയ്ക്ക്. പുറമെനിന്നു നോക്കുന്നവര്‍ക്ക് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നുവെന്നേ തോന്നുകയുള്ളൂ. ഇതുമൂലം ആരും പ്രതിഷേധവുമായി രംഗത്തെത്തുകയുമില്ല. സംസ്ഥാനത്ത് 70 ശതമാനത്തോളം ടവറുകള്‍ ഇത്തരത്തില്‍ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു.എന്നാല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ടവറുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ കൈ യോടെ പിടികൂടിയത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ പോലുള്ള കമ്പനികള്‍ നഗരപ്രദേശങ്ങളില്‍ മാത്രം 4ജി സര്‍വീസുകള്‍ ഒതുക്കിയിരിക്കുകയാണ്. നിലവിലെ ടവറുകള്‍ കൊണ്ട് പ്രാന്തപ്രദേശങ്ങളിലേക്ക് സര്‍വീസ് എത്തിക്കാന്‍ കഴിയാത്തതാണു കാരണം. എന്നാ ല്‍, നഗരത്തിലും നാട്ടിന്‍പുറത്തും ഒരുപോലെ 4ജി കണക്ഷ ന്‍ എന്നതാണ് റിലയന്‍സിന്റെ വാഗ്ദാനം. മാര്‍ച്ച് മാസത്തോടെ ലോഞ്ചിങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ടവര്‍ സ്ഥാപിക്കല്‍ ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതു മൂലം വൈകുകയായിരുന്നു. മിക്കവാറും രാത്രികാലങ്ങളിലാണ് വാട്ടര്‍ടാങ്കില്‍ സെറ്റ് ചെയ്തിരിക്കുന്ന ടവറുകള്‍ സ്ഥാപിക്കുന്നത്. ടവര്‍ സ്ഥാപിച്ച ശേഷം ടാങ്ക് നെടുകെ പിളര്‍ന്ന് ടവറിനെ ഇതിനുള്ളിലാക്കി കൂട്ടിച്ചേര്‍ക്കുകയാ ണു ചെയ്യുക.
സാധാരണ ടവറുകള്‍ നിശ്ചിത അകലം പാലിച്ചു മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. എന്നാല്‍, വാട്ടര്‍ടാങ്ക് ടവറുകള്‍ ഏകദേശം ഒരു കിലോമീറ്ററിനുള്ളില്‍ രണ്ട് എന്ന തോതിലാണു സ്ഥാപിച്ചിരിക്കുന്നത്. ഈ ടവറുകള്‍ പുറപ്പെടുവിക്കുന്ന വികിരണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാടകയ്ക്കു കൊടുത്തിരിക്കുന്ന ഫഌറ്റുകള്‍ക്കും വീടുകള്‍ക്കും ഓഫിസുകള്‍ക്കുമൊക്കെ മുകളിലാണ് ഇവ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിട ഉടമകള്‍ക്ക് മാസം നല്ലൊരു തുക വാഗ്ദാനം ചെയ്തിരിക്കുന്നു.
ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സിം വിതരണം ചെയ്യുന്നതിനുള്ള നടപടികളും റിലയന്‍സ് ജിയോ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it