Pathanamthitta local

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി സെന്‍ട്രല്‍ ജങ്ഷനിലെ കടകളില്‍ വെള്ളം കയറി; വന്‍ നാശം

പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നു പഴയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൈപ്പാണ് ഇന്നലെ രാവിലെ ഏഴോടെ പൊട്ടിയത്. പൊട്ടിയ പൈപ്പില്‍ നിന്നു വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയും സമീപത്തെ കടകളിലേക്ക് ഇരച്ച് കയറുകയുമായിരുന്നു.
റോഡിനോട് ചേര്‍ന്ന കടകളിലേക്കാണ് വെള്ളം ഇരച്ച് കയറിയത്. പൈപ്പ് സ്ഥാപിച്ചിരുന്ന ഭാഗത്തോട് ചേര്‍ന്നുള്ള കടകളിലാണ് വെള്ളം കയറിയത്. രാജന്‍ തോമസിന്റെ ന്യൂ കൈലി സെന്ററിലാണ് കൂടുതല്‍ വെള്ളം കയറിയത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ മിക്കതും വെള്ളം കയറി നശിച്ച നിലയിലാണ്. തുണികള്‍ തറയില്‍ ചാക്കുകെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. തറയില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയിരുന്നു. അലമാരകളലിലുള്ള തുണികളും വെള്ളം പിടിച്ച് നശിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള മുഹമ്മദ് ഇസ്മായിലിന്റെ പിന്‍ക്‌സ് മാച്ചിങ് ചോയ്‌സിലും വെള്ളം കയറി തുണികള്‍ നശിച്ചു. ഇവിടെയും വന്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത മജീദ് സ്‌റ്റോര്‍ പലചരക്ക് കടകളിലും വെള്ളം കയറി പലചരക്ക് സാധനങ്ങള്‍ നശിച്ച നിലയിലാണ്. റോഡിനോട് ചേര്‍ന്ന കടകളിലാണ് പെട്ടന്ന് വെള്ളം കയറിയത്.
സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് റോഡിന്റെ ഇരുവശത്തുമായുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചാണ്ടിപ്പിള്ള ആന്‍ഡ് സണ്‍സ്, വാച്ച് കട, സുനിത ടൈം ഹൗസ്, ടൗണ്‍ബേക്കറി, ഖലീല്‍ മെഡിക്കല്‍സ്, ഗ്രീന്‍ കോഫി വര്‍ക്‌സ്, മമ്മി, ഡാഡി മെന്‍സ് കലക്ഷന്‍സ്, ചാങ്ങേത്ത് ആയൂര്‍വേദ ആശുപത്രി, വിനായക ജ്വല്ലറി, എവണ്‍ ചിപ്‌സ് സെന്റര്‍, പഴക്കടകള്‍ എന്നിവിടങ്ങളിലെല്ലാം തറയില്‍ വെള്ളം കെട്ടികിടക്കുന്നു.
മിക്ക കടകളിലും തറയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പാച്ചിലില്‍ ഈ ഭാഗത്തെ റോഡും തകര്‍ന്നു. പൈപ്പ് പൊട്ടി നഗരം വെള്ളത്തിലായ വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടികൂടി. നഗരസഭ കൗണ്‍സില്‍ അംഗങ്ങളും ഉടനെ സ്ഥലത്തെത്തി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും നഗരത്തിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.
ഇതോടെ നഗരത്തിലെ ജലവിതരണവും മുടങ്ങി. ഉടന്‍ തന്നെ പൈപ്പിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു.
Next Story

RELATED STORIES

Share it