Ernakulam

വാങ്ങിയ മീനിന് വില ചോദിച്ചപ്പോള്‍ മര്‍ദിച്ച എഎസ്‌ഐയെ ഹാജരാക്കാത്തതിന് ഡിവൈഎസ്പിക്ക് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ രൂക്ഷ വിമര്‍ശനം

കൊച്ചി: പെട്ടിവണ്ടിയില്‍ മീനുമായി പോവുകയായിരുന്ന മല്‍സ്യവില്‍പനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തിലെ എഎസ്‌ഐയെ ഹാജരാക്കാത്തതിന് ഡിവൈഎസ്പിക്ക് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ രൂക്ഷ വിമര്‍ശനം.
ഇതുമായി ബന്ധപ്പെട്ട കേസിന്റെ നാലാമത്തെ സിറ്റിങാണ് ഇന്നലെ നടന്നത്. യഥാര്‍ഥ ആളെ ഹാജരാക്കേണ്ടതിനു പകരം സ്റ്റേഷനിലെ മറ്റൊരു എഎസ്‌ഐയെ ഹാജരാക്കി ഡിവൈഎസ്പി സിറ്റിങില്‍ ഒളിച്ചുകളി നടത്തിയെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആരോപിച്ചു. കേസില്‍ പോലിസിന്റെ നിലപാട് ശരിയല്ല. യഥാര്‍ഥ പ്രതിയെ അറിഞ്ഞിട്ടും ഹാജരാക്കാത്തത് പോലിസിന്റെ അനാസ്ഥയാണ്. മോഷണക്കേസിലും മറ്റും കുറ്റവാളിയെ കണ്ടുപിടിക്കാന്‍ പോലിസ് കാണിക്കുന്ന തിടുക്കം ഈ കേസില്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു.
അടുത്ത സിറ്റിങില്‍ പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ സംഭവം നടന്ന ദിവസം ആലപ്പുഴ കോട്ടയം ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സിറ്റിങില്‍ ഹാജരാക്കാന്‍ ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു. ഈ 15ന് ഉച്ചയ്ക്ക് 2.30ന് എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ചങ്ങനാശേരി ഡിവൈഎസ്പി കെ ശ്രീകുമാര്‍ നേരിട്ട് ഹാജരാവണമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവിട്ടു.
പെട്ടിവണ്ടിയില്‍ മീനുമായി വന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹനീഫ (44)യില്‍നിന്നും രണ്ടര കിലോ മീന്‍ വാങ്ങുകയും മീനിന്റെ വില ചോദിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാരോപിച്ച് ചങ്ങനാശേരി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരേയാണ് ഹനീഫ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയത്.
ഉദ്യോഗസ്ഥന്റെ പേര് കൃത്യമായി അറിയാതിരുന്നതിനെത്തുടര്‍ന്ന് കേസിന്റെ സിറ്റിങ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്തി അന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെക്കുറിച്ച് അന്വേഷിച്ച് പ്രതി ആരാണെന്ന് അതോറിറ്റിയെ അറിയിക്കണമെന്ന് ഐജി മഹിപാല്‍ യാദവിന് ജസ്റ്റിസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
അതു പ്രകാരം ചങ്ങനാശേരി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ടി എന്‍ ശ്രീകുമാര്‍ ഇന്നലെ സിറ്റിങില്‍ ഹാജരായിരുന്നു. എന്നാല്‍ പ്രതി ഈ ഉദ്യോഗസ്ഥനല്ലെന്ന് ഹനീഫ ജസ്റ്റിസിനു മുന്നില്‍ മൊഴി കൊടുത്തു.
Next Story

RELATED STORIES

Share it