Pathanamthitta local

വാഗമണ്‍-തേക്കടി-ഗവി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; 35 കോടി രൂപയുടെ ഫണ്ട് ലഭിച്ചു

വാഗമണ്‍: കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച 99.22 കോടി രൂപയുടെ ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ആദ്യഘട്ടമായി 35 കോടി രൂപ ലഭിച്ചതായി ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍. കുമളി പൊതുവേദിയില്‍ വാഗമണ്‍ തേക്കടി ഗവി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ ആരംഭിക്കും. വാഗമണ്‍-തേക്കടി-ഗവി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 5.05 കോടി രൂപയുടെ ഇക്കോ ലോഗ് ലോഡ്ജ്, 43.31 കോടിയുടെ ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്ക്, പൈന്‍വാലിയില്‍ 1.4 കോടി രൂപ മുടക്കി നിര്‍മിക്കുന്ന നടപ്പാത, 1.22 കോടി രൂപയുടെ കുമളിയിലെ മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയവയുള്‍പ്പെടുന്നു.
വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികള്‍ നേരിടുന്ന ഇടിമിന്നല്‍ സുരക്ഷാ ഭീഷണിയ്ക്ക് പരിഹാരമായി 2.02 കോടി രൂപ മുടക്കി ഇടിമിന്നല്‍ രക്ഷാചാലകം സ്ഥാപിക്കും. ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ ഇ എം ആഗസ്തി, കുമളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ്, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, ഡിടിപി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയി കെ പൗലോസ്, ആന്റണി കുഴിക്കാട്ട്, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍ കെ കെ, ഡിടിപിസി സെക്രട്ടറി കെ വി ഫ്രാന്‍സിസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it