വസ്ത്രാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം; പോരാട്ടത്തിന്റെ വിജയമെന്ന് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍

കോഴിക്കോട്: ജോയിന്റ് ആക് ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്‌സ് പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് സിബിഎസ്ഇ ചെയര്‍മാ ന്‍ വൈ എസ് കെ ശേശുകുമാര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഹാളിലെ ഹിജാബ് നിരോധനം നീക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു നടന്ന പോരാട്ടത്തിന്റെ വിജയമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ശേശുകുമാര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്ന് അതേദിവസം സിബിഎസ്ഇ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പുതിയ വിജ്ഞാപനത്തില്‍ ശിരോവസ്ത്രം നിരോധിത വസ്തുക്കളില്‍ ഉള്‍പ്പെടുന്നില്ല.
ഹാഫ്സ്ലീവ് ആണ് അഭികാമ്യമെന്നു പറയുന്നുണ്ടെങ്കിലും പരമ്പരാഗതമോ മതപരമോ ആയ വസ്ത്രധാരണങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എട്ടരയ്ക്ക് മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരായാല്‍ പരീക്ഷയെഴുതാമെന്ന് വ്യക്തമാക്കുന്നുണ്ട്. ശിരോവസ്ത്രവും ഫുള്‍സ്ലീവും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക ഹിജാബിന് പരീക്ഷാ ഹാളിലുണ്ടായിരുന്ന വിലക്ക് സിബിഎസ്ഇ പിന്‍വലിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. തൃശൂര്‍ സ്വദേശിനി അംന ബിന്‍ത് ബഷീര്‍ നല്‍കിയ ഹരജിയില്‍ പരീക്ഷാ ഹാളില്‍ ഇസ്‌ലാമിക വേഷവിധാനം അനുവദിക്കണമെന്ന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ വന്ന അപ്പീല്‍ സിബിഎസ്ഇയുടെ പുതിയ നോട്ടിഫിക്കേഷന്‍ ചൂണ്ടിക്കാണിച്ച് കോടതി തള്ളിക്കളഞ്ഞത് ആശ്വാസകരവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസത്തെ ശരിവയ്ക്കുന്നതുമാണ്. കോടതിയെയും സിബിഎസ്ഇയെയും മറികടന്ന് വസ്ത്ര നിയന്ത്രണം അടിച്ചേല്‍പിക്കാന്‍ ഏതെങ്കിലും കേന്ദ്രത്തില്‍ ശ്രമമുണ്ടായാല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ ടി പി അശ്‌റഫലി, ജനറല്‍ കണ്‍വീനര്‍ മുസ്തഫാ തന്‍വീര്‍ എന്നിവര്‍ അറിയിച്ചു. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍: 9446946080, 9349490 777, 9895505243.
Next Story

RELATED STORIES

Share it