Blogs

വസ്തുതാ റിപോര്‍ട്ടില്‍ വേവലാതി വേണ്ട

മധ്യമാര്‍ഗം/പരമു



ബാര്‍ കോഴക്കേസ് മന്ത്രി കെ എം മാണിയെയും കൊണേ്ട പോകൂ എന്നാണ് വിജിലന്‍സ് കേസുകളെക്കുറിച്ച് നേരറിവ് ഇല്ലാത്തവരൊക്കെ കരുതിപ്പോന്നത്. അരനൂറ്റാണ്ട് കാലത്തെ മാണിസാറിന്റെ ത്യാഗസുരഭിലമായ പൊതുസേവനത്തിനു മുകളില്‍ കരിനിഴല്‍ പരന്നുവെന്നും വിചാരിച്ചു.
മാണിസാര്‍ ജയിലില്‍ കഴിയുന്ന രംഗങ്ങള്‍ ചിലരൊക്കെ സ്വപ്നങ്ങളിലും കണ്ടുവത്രേ. കോഴ വാങ്ങാത്തതിനാല്‍ മന്ത്രി മാണി തുടക്കം മുതലേ പതറാതെ നിന്നിരുന്നുവല്ലോ. കോഴ കൊടുത്തതുകൊണ്ട് പരാതിക്കാരനായ ബിജു രമേശ് പാറ പോലെ ഉറച്ചുനിന്നു. കൊടുത്ത കോഴ പലിശസഹിതം മടക്കിക്കിട്ടിയാല്‍ പോലും തീരാത്ത പകയോടെയാണ് പരാതിക്കാരന്റെ നില്‍പ്പ്. മന്ത്രി മാണി രാജിക്കത്ത് സമര്‍പ്പിക്കുന്നത് കാത്തിരിക്കുന്ന വേളയിലാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല, തെളിവുകളുണ്ട്, എന്നാല്‍ വേണ്ടത്രയില്ല. ഇങ്ങനെ കുറ്റപത്രം വേണ്ട എന്നുവച്ചു. അങ്ങനെ മന്ത്രിസഭയുടെ ആയുസ്സ് നീട്ടിക്കിട്ടിയതോടെ മുഖ്യമന്ത്രിക്കും ഭരണക്കാര്‍ക്കും ശ്വാസം നേരെ വീണു. രക്ഷകനായി എത്തിയ വിജിലന്‍സ് ഡയറക്ടര്‍ താരവുമായി.


അന്വേഷണ റിപോര്‍ട്ടും വസ്തുതാ റിപോര്‍ട്ടും മറിച്ചിട്ട് അദ്ദേഹം തുല്യം ചാര്‍ത്തിയത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മാണിക്കും നന്നായി ബോധിച്ചു. നവംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നു വിരമിച്ച് വീട്ടില്‍ വിശ്രമിക്കാന്‍ ആലോചിക്കുമ്പോഴാണ് ഇങ്ങനെ ഒരു കോഴക്കേസില്‍ അദ്ദേഹത്തിന് ഇടപെടേണ്ടിവന്നത്. മുമ്പ് കുറച്ചു കാലം അമേരിക്കയില്‍ പോയി വിശ്രമിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണത്തിന്റെ ചുമതല അദ്ദേഹത്തിനു കിട്ടിയത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. എന്തു കാര്യവും കൈയില്‍ കിട്ടിയാല്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അദ്ദേഹം നവംബറില്‍ റിട്ടയര്‍ ചെയ്തുപോയാല്‍ അത് കേരളത്തിനാകെ വലിയ നഷ്ടമാവുമെന്നു മുഖ്യമന്ത്രിക്കും മറ്റു പലര്‍ക്കും അറിയാം.


ബാര്‍ കോഴക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ പദവിയെക്കുറിച്ച് ആലോചിച്ചിരുന്നു. നവംബറില്‍ റിട്ടയര്‍ ചെയ്ത ശേഷം ആലോചിച്ചിട്ട് കാര്യമില്ലല്ലോ. അതിവേഗം ബഹുദൂരത്തില്‍ സഞ്ചരിക്കുന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് നല്ല കാര്യങ്ങളെല്ലാം കാലേക്കൂട്ടി ആലോചിച്ചു തീരുമാനിക്കുന്ന സ്വഭാവക്കാരുമാണ്. നവംബര്‍ ഒന്നാം തിയ്യതി പുതിയ പഞ്ചായത്തുകളും നഗരസഭകളും അധികാരമേല്‍ക്കേണ്ടതിനായി എത്ര കാലം മുമ്പാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് ഏവര്‍ക്കും അറിയാമല്ലോ. ഭരണത്തിലിരിക്കുന്നവരെയെല്ലാം സന്തോഷിപ്പിച്ച് പദവിയില്‍ ഇരുന്ന മുന്‍ ഡി.ജി.പിക്ക് കൊടുത്തതുപോലുള്ള ഒരു പദവിയാണ് സര്‍ക്കാര്‍ ആദ്യം ഉദ്ദേശിച്ചത്. ദേശീയ ഗെയിംസിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. ദേശീയ ഗെയിംസ് കഴിഞ്ഞ് എത്ര വര്‍ഷം പിന്നിട്ടാലും അടുത്ത ദേശീയ ഗെയിംസ് കേരളത്തില്‍ വരുന്നതുവരെ ആ പദവിയിലിരിക്കാം.


സര്‍ക്കാര്‍ നിശ്ചയിച്ച വളരെ തുച്ഛമായ പ്രതിമാസം ഒന്നര ലക്ഷം രൂപ ഒപ്പിട്ടുവാങ്ങാം. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ക്ക് കൊടുക്കാന്‍ ഗെയിംസ് പദവികളൊന്നും കാണുന്നില്ല. അടുത്ത കാലത്തൊന്നും ദേശീയതലത്തിലെ ഒരു ഗെയിംസും ഇങ്ങോട്ടു വരുന്നില്ലത്രേ. വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാമെന്നുവച്ചാല്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. പുതിയ മന്ത്രിസഭ വന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ കാര്യം പരിഗണിക്കണമെന്നില്ല. പ്രതിപക്ഷമാണെങ്കില്‍ തീരെ പരിഗണിക്കില്ല. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയാവുന്നതുവരെ ഇദ്ദേഹം കറകളഞ്ഞ ഉദ്യോഗസ്ഥനായിരുന്നു. ചന്ദ്രശേഖരന്‍ കൊലക്കേസ് ഏറ്റെടുത്തതു മുതലാണ് ഇദ്ദേഹത്തിന്റെ സ്വഭാവമാകെ മാറിയത്. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ വിചാരിച്ചാലും രക്ഷയില്ല.


വിജിലന്‍സ് സംവിധാനം അടിമുടി മാറ്റിമറിച്ച് അഴിമതിക്കാരെ ജയിലിലാക്കാനും അഴിമതി പാടേ ഇല്ലാതാക്കാനും പണേ്ട മന്ത്രിസഭയ്ക്ക് ആലോചനയുണ്ടായിരുന്നു. എന്തു ചെയ്യാം! ഇതിനു പറ്റിയ റിപോര്‍ട്ട് കൈയില്‍ കിട്ടണേ്ട? അങ്ങനെയൊരു റിപോര്‍ട്ട് ഉണ്ടാക്കാന്‍ വിജിലന്‍സ് ഡയറക്ടറെ നിയോഗിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കാരണം, വിജിലന്‍സാകുമ്പോള്‍ പെട്ടെന്നു തീരില്ല. ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും പഠനം നടത്താനും റിപോര്‍ട്ട് നല്‍കാനും അവസരം ലഭിക്കും.
ഇങ്ങനെ അണിയറയില്‍ തകൃതിയായി ആലോചനകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബാര്‍ കോഴക്കേസിലെ വസ്തുതാ റിപോര്‍ട്ട് പുറത്തുവന്നത്. വസ്തുതാ റിപോര്‍ട്ടും അന്തിമ റിപോര്‍ട്ടും തയ്യാറാക്കിയത് ഒരേ എസ്.പിയാണ്.


അന്തിമ റിപോര്‍ട്ട് തള്ളാനും കൊള്ളാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അന്തിമ റിപോര്‍ട്ട് കൊടുത്താല്‍ പിന്നെ വസ്തുതാ റിപോര്‍ട്ടിന് എന്താണ് പ്രസക്തി? കോടതിയുടെ മുമ്പാകെയാണെങ്കില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ടും അന്തിമ അന്വേഷണ റിപോര്‍ട്ടും മാത്രമേയുള്ളൂ. വസ്തുതാ റിപോര്‍ട്ടും ഡയറിക്കുറിപ്പുകളും ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ളതാണ്. അപ്പോള്‍ വിലയില്ലാത്ത ഒരു റിപോര്‍ട്ടിനെക്കുറിച്ചായിരുന്നു ചര്‍ച്ച. വിജിലന്‍സ് ഡയറക്ടര്‍ ഒപ്പിട്ടുകൊടുത്ത അന്തിമ റിപോര്‍ട്ടില്‍ പരാതിക്കാരന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടല്ലോ. ഒരുപക്ഷേ, പുനരന്വേഷണത്തിനു കോടതി ഉത്തരവിടും. അതു ചോദ്യം ചെയ്ത് മാണിക്ക് ഹൈക്കോടതിയില്‍ പോകാം.


Fri, 21 Aug 2015

Next Story

RELATED STORIES

Share it