വസ്തുതകള്‍ മറച്ചുവച്ച് അനുകൂല വിധി: കക്ഷിക്കും അഭിഭാഷകനുമെതിരേ കോടതിയലക്ഷ്യം

കൊച്ചി: സമാന വിഷയത്തില്‍ കോടതിയില്‍ ഹരജി നിലനില്‍ക്കുന്നത് മറച്ചുവച്ച് അനുകൂല വിധി സമ്പാദിച്ച കക്ഷിക്കും അഭിഭാഷകനുമെതിരേ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നു. തന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സിന് മുണ്ട്യാത്തടുക്ക കാസര്‍കോട് റൂട്ടില്‍ താല്‍ക്കാലിക സര്‍വീസിന് അനുമതി സമ്പാദിച്ച കാസര്‍കോട് സ്വദേശി കെ എ അബ്ദുല്ലക്കും ഇയാള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനുമെതിരെയാണ് കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുന്നത്.
പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതുക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും കാസര്‍കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അപേക്ഷ നിരസിച്ചതായി ചൂണ്ടിക്കാട്ടി പെര്‍മിറ്റിന് അനുമതി തേടിയാണ് അബ്ദുല്ല കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി നാലു മാസത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ ആര്‍ടിഎക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഉത്തരവ് ലഭിച്ചതിന് പിന്നാലെ കാസര്‍കോട് ബദിയടുക്ക സ്വദേശിയായ ബദുവന്‍ കുഞ്ഞെന്നയാള്‍ അപ്പീല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താല്‍ക്കാലിക പെര്‍മിറ്റ് അപേക്ഷ തള്ളിയതിനെതിരേ കെ എ അബ്ദുല്ലയുടെ മറ്റൊരു ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബദുവന്‍ കുഞ്ഞ് കോടതിയിലത്തെിയത്.
ഒരു ഹരജി നിലനില്‍ക്കേ സമാന വിഷയത്തില്‍ അതേ ആവശ്യമുന്നയിച്ച് പുതിയ ഹരജി നല്‍കി, ആദ്യ ഹരജിയിലെ എതിര്‍കക്ഷികളെ പുതിയ ഹരജിയില്‍ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഗൗരവതരമാണെന്ന് കണ്ടെത്തിയ കോടതി ഹരജിക്കാരനെതിരേ കോടതിയലക്ഷ്യ നടപടിക്ക് തീരുമാനിക്കുകയായിരുന്നു. അഭിഭാഷകനെന്ന നിലയിലുള്ള കര്‍ത്തവ്യ നിര്‍വഹണത്തില്‍ പരാജയം സംഭവിച്ചുവെന്ന് നിരീക്ഷിച്ചാണ് അഭിഭാഷകനെതിരെയും നടപടിയെടുക്കുന്നത്.
Next Story

RELATED STORIES

Share it