Alappuzha local

വഴിവിളക്കുകളെച്ചൊല്ലി ബഹളം

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. വാര്‍ഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചത്.
നഗരസഭയിലെ വാര്‍ഡുകളില്‍ നടപ്പാക്കുന്ന പുതിയ തെരുവ് വിളക്ക് പദ്ധതി സംബന്ധിച്ച ഒന്നാമത്തെ അജണ്ട ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ പ്രതിപക്ഷം തടസ്സ വാദങ്ങളുമായി എഴുന്നേല്‍ക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നഗരത്തിലെ വാര്‍ഡുകളില്‍ എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ഇതിനായി 3.75കോടി രൂപ കെഎസ്ഇബിയില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ പദ്ധതി അട്ടിമറിക്കാനാണ് അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് ശ്രമിച്ചത്. കരാര്‍ ഒപ്പിട്ട് നാലാഴ്ചയ്ക്കുള്ളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. 12 ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന കരാര്‍ സംസ്ഥാന സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ചു യുഡിഎഫ് തകര്‍ക്കുകയായിരുന്നെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ എം ആര്‍ പ്രേം ആരോപിച്ചു.
ഇതിനെതിരേ യുഡിഎഫ് അംഗങ്ങളായ ഇല്ലിക്കല്‍ കുഞ്ഞുമോനും എ എ റസാഖും രംഗത്തെത്തിയതോടെ കൗണ്‍സിലില്‍ ബഹളമായി. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ്, നഗരസഭയിലെ വാര്‍ഡുകളില്‍ പുതുതായി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത് എവിടെയൊക്കെയാണ് എന്നത് സംബന്ധിച്ച് കുറിപ്പ് നല്‍കണമെന്നും പദ്ധതി നടത്തിപ്പു സംബന്ധിച്ച് സെക്രട്ടറി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറിപ്പ് കൗണ്‍സിലിനു ശേഷം നല്‍കാമെന്നു ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ കൗണ്‍സിലില്‍ ബഹളമായി.
ഒന്നാമത്തെ അജണ്ട പാസാക്കുന്നതായും വിയോജിപ്പുള്ളവര്‍ക്കു അതു രേഖപ്പെടുത്താമെന്നും ചെയര്‍മാന്‍ പറഞ്ഞതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി. രണ്ടാമത്തെ അജണ്ട വായിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞു. ബഹളത്തിനിടയില്‍ ബാക്കിയുള്ള 24 അജണ്ടകളും പാസാക്കിയതായി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും സഭ പിരിച്ചുവിടുകയുമായിരുന്നു.
നടപടിയില്‍ പ്രതിഷേധിച്ചു കൗണ്‍സില്‍ ഹാളില്‍ മുദ്രാാവാക്യം മുഴക്കിയ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്നീട് ചെയര്‍മാന്റെ മുറി ഉപരോധിച്ചു. തുടര്‍ന്നു സിപിഎം കക്ഷിനേതാക്കള്‍ ചെയര്‍മാനെയും സെക്രട്ടറിയെയും കണ്ടു സംസാരിച്ച ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it