kasaragod local

വഴിയോരം കൈയടക്കി കച്ചവടം; കാല്‍നടയാത്രക്കാര്‍ക്കു ദുരിതം

കാസര്‍കോട്: നഗരസഭയും പോലിസും കണ്ണടച്ചതോടെ നഗരത്തില്‍ വഴിവാണിഭം തകൃതിയായി. പഴയ ബസ്സ്റ്റാന്റ് മുതല്‍ മല്‍സ്യ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും വഴിവാണിഭക്കാര്‍ കൈയടക്കിയതോടെ വാഹന പാര്‍ക്കിങ്ങിനും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.
സ്വന്തമായി കച്ചവട സ്ഥാപനങ്ങള്‍ ഉള്ളവര്‍ കട ഒഴിവാക്കി റോഡരികില്‍ പ്രത്യേക തട്ട് നിരത്തിയാണ് കച്ചവടം നടത്തുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലം പോലും കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്. നഗരത്തില്‍ മുബാറക്ക് മസ്ജിദിന് മുന്‍വശം പോലും വഴിവാണിഭക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല സ്റ്റാളുകളും ഫുട്പാത്ത് മാത്രമല്ല റോഡ് പോലും കയ്യടക്കി കച്ചവടം നടത്തുകയാണ്. ദിവസേന നൂറുക്കണക്കിന് ബസുകള്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പഴയ ബസ് സ്റ്റാന്റില്‍ ഫുട്പാത്തും റോഡും വഴിവാണിഭക്കാര്‍ കൈയ്യടക്കിയതിനാല്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും റോഡില്‍ തന്നെയാണ്. ഇത് അപകടത്തിന് കാരണമാകുന്നു.
പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കോഫി ഹൗസിലേക്ക് തിരിയുന്ന സ്ഥലം വഴിവാണിഭക്കാര്‍ കയേറിയതിനാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കം വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. നേരത്തേ വഴിവാണിഭക്കാരുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തി റോഡരിക് ഒഴിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതും നടന്നില്ല. വഴിയോര കച്ചവടക്കാരില്‍ ചിലര്‍ക്ക് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
ഗുണ്ടാമാഫിയ സംഘങ്ങളും ഇതിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചില കച്ചവടക്കാര്‍ ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നത്. ഇവരുടെ കയ്യിലുള്ള അളവ് തൂക്ക ഉപകരണങ്ങളില്‍ പോലും കൃത്രിമം നടത്തുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it