kasaragod local

വഴിയാത്രക്കാര്‍ക്കു മധുരപാനീയം ഒരുക്കി ഒരുകൂട്ടം യുവാക്കള്‍

ചിത്താരി: കത്തുന്ന വേനല്‍ ചൂടില്‍ ആശ്വാസമേകാന്‍ വഴിയാത്രക്കാര്‍ക്ക് മധുര പാനീയവും കുടിവെള്ളവും ഒരുക്കി ഒരുകൂട്ടം യുവാക്കള്‍ മാതൃകയാകുന്നു. സൗത്ത് ചിത്താരി വിപി റോഡ് രിഫായി യൂത്ത് സെന്റര്‍ പ്രവര്‍ത്തകരാണ് വേനലില്‍ കുളിര്‍മ പകരുന്ന സേവന പ്രവര്‍ത്തങ്ങളുമായി മാതൃകയാവുന്നത്. സംസ്ഥാന പാതയില്‍ ചിത്താരി രിഫായി മസ്ജിദിന് സമീപമാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ഓരോ ദിവസങ്ങളിലും നാരങ്ങ വെള്ളം, വിദേശ നിര്‍മിത മധുര പാനീയം, തണ്ണിമത്തന്‍ വെള്ളം, മോര്, മാങ്കോ പള്‍പ്പ് തുടങ്ങിയ വ്യത്യസ്തങ്ങളായ പാനീയങ്ങളാണ് ഇവര്‍ തയ്യാറാക്കുന്നത്. കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും അടക്കം നൂറുക്കണക്കിന് ആളുകളാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. നിത്യേന 1500 ഓളം രൂപയാണ് ചെലവ് വരുന്നത്. സ്ഥിരമായി കുടിവെള്ള വിതരണത്തിന് കൂളര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് ഖത്തീബ് ഹാഫിസ് മുഹമ്മദ് ശാക്കിര്‍ അല്‍ഖാസിമി തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. സി എം ഖാദര്‍ ഹാജി, എം എച്ച് മുഹമ്മദ്കുഞ്ഞി, പി ബി ഇബ്രാഹിം ഹാജി, ചിത്താരി അബ്ദുല്ല ഹാജി സംബന്ധിച്ചു. ഹബീബ് മാട്ടുമ്മല്‍, മുര്‍ഷിദ് ഇംതിയാസ്, അജീര്‍, മിഖ്ദാദ്, ജൗഹര്‍, നബീല്‍ ബടക്കന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it