Idukki local

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതക ശ്രമം: പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും എട്ടു ലക്ഷം പിഴയും

തൊടുപുഴ: വഴി നടക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പള്ളിവാസല്‍ ആറ് മുറി ലയത്തില്‍ നാഗരാജ് (36), നാല് മുറി ലയത്തില്‍ മുനീശ്വരന്‍ (56), മകന്‍ മനു എന്നിവരെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡി സുരേഷ്‌കുമാര്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയും മുനീശ്വരന്റെ ഭാര്യയുമായ സതീശ്വരിയെ മൂന്നു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.
2007 ഡിസംബര്‍ രണ്ടിന് രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം. പള്ളിവാസല്‍ ആറ് മുറി ലയത്തില്‍ ചന്ദ്രന്‍, ഭാര്യ ശാന്തി മക്കളായ രവികമാര്‍ എന്ന റോബര്‍ട്ട്, വെങ്കിടേശ് എന്നിവര്‍ പ്രതികളുടെ
വീടിനടുത്താണ് താമസിച്ചിരുന്നത്. ഇവര്‍ പ്രതികളുടെ ലയത്തിന് പിന്നിലൂടെയാണ് സ്വന്തം പച്ചക്കറി തോട്ടത്തിലേക്ക് പോയിരുന്നത്. ഇതേ ചൊല്ലി പ്രതികളുമായി വഴക്ക് നിലനിന്നിരുന്നു. സംഭവ ദിവസം പ്രതികളുടെ വീടിനു സമീപത്തുകൂടി പോയ ശാന്തിയെ സതീശ്വരി വിറകു കമ്പുമായെത്തി അടിച്ച്‌വീഴ്ത്തി. ശാന്തിയുടെ കരച്ചില്‍ കേട്ടാണ് റോബര്‍ട്ടും ചന്ദ്രനും വെങ്കിടേശും എത്തിയത്. ഒളിഞ്ഞിരുന്ന മറ്റ്പ്രതികള്‍ സതീശ്വരിക്കൊപ്പമെത്തി വാക്കത്തി ഉപയോഗിച്ച് എല്ലാ സാക്ഷികളെയും വെട്ടി.
രവികുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. വെട്ടേറ്റ് രവികുമാറിന്റെ വലത് കൈയും വലതു കാല്‍പ്പാദവും അറ്റു തൂങ്ങി. കോട്ടയം മെഡിക്കല്‍ കോളജില്‍ 106 ദിവസം അത്യാസന്ന നിലയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പിഴയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ച തുകയില്‍ ആറു ലക്ഷം രൂപ രവികുമാറിനും. 75000 രൂപ വീതം ചന്ദ്രനും വെങ്കിടേശിനും നല്‍കണം. ശേഷിക്കുന്ന അരലക്ഷം രൂപ ശാന്തിക്കു നല്‍കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബെര്‍ഗ് ജോര്‍ജ് ഹാജരായി.
കേസ് വിസ്താര വേളയില്‍ 19 സാക്ഷികളെ വിസ്തരിച്ചു. 24 പ്രമാണങ്ങളും 14 തൊണ്ടി മുതലും ഹാജരാക്കി. അന്നത്തെ മൂന്നാര്‍ സിഐ ആയിരുന്ന ജി ബാലചന്ദ്രമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
Next Story

RELATED STORIES

Share it