വഴങ്ങാത്ത പാര്‍ട്ടികളെ തകര്‍ക്കാന്‍ സിബിെഎക്ക് കേന്ദ്രനിര്‍ദേശം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: തങ്ങളുടെ വരുതിയില്‍ വരാത്ത പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് ഒതുങ്ങാത്ത പാര്‍ട്ടികളെ നേരിടാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ആരോപിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുര്‍ബലനായി. അതിനാല്‍ വിമര്‍ശകരെ സിബിഐയെ ഉപയോഗിച്ച് അദ്ദേഹം വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ജെയ്റ്റ്‌ലിക്കെതിരേ ഇന്നലെയും ശക്തമായ ആരോപണമാണ് എഎപി ഉന്നയിച്ചത്.

അര്‍ധസത്യങ്ങളുടെ കൂട്ടുകാരനാണ് ജെയ്റ്റ്‌ലി. തനിക്കെതിരേ ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ പറയുന്നത് കളവാണ്. സ്വന്തം പാര്‍ട്ടിക്കാരനായ കീര്‍ത്തി ആസാദ് തന്നെ ജെയ്റ്റ്‌ലിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും എഎപി നേതാവ് അശുതോഷ് പറഞ്ഞു. ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കു സംഭാവന നല്‍കാന്‍ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്കുമേല്‍ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നതടക്കമുള്ള അഞ്ചു ചോദ്യങ്ങളാണ് എഎപി നേതാക്കള്‍ ചോദിക്കുന്നത്.
അതേസമയം, കെജ്‌രിവാളിന്റെ ഓഫിസില്‍ നടന്ന സിബിഐ റെയ്‌ഡോടെ കേന്ദ്രസര്‍ക്കാ ര്‍ വെട്ടിലായിരിക്കുകയാണ്. പ്രധാനമായും കുരുക്കിലായത് കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയാണ്. റെയ്ഡ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ (ഡിഡിസിഎ) ജെയ്റ്റ്‌ലി നടത്തിയ അഴിമതി മറച്ചുവയ്ക്കാനാണെന്ന എഎപിയുടെ ആരോപണം ബിജെപി എംപിയായ കീര്‍ത്തി ആസാദ് തന്നെ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിനും മോദിയുടെ അടുത്ത അനുയായിയായ ജെയ്റ്റ്‌ലിക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണപരിധിയില്‍പ്പെടാത്ത ഡിഡിസിഎ ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നെന്ന് കെജ്‌രിവാള്‍ തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ബിജെപി എംപി തന്നെ ഏറ്റെടുത്തത് സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. ഇന്നു മാധ്യമങ്ങളെ കാണുമെന്നറിയിച്ച കീര്‍ത്തി ആസാദ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണെങ്കില്‍ അതു കേന്ദ്രസര്‍ക്കാരിന് കനത്ത പ്രഹരമാവും.
ഡിഡിസിഎയിലെ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങളുടെ കേവലം 15 ശതമാനം മാത്രമാണ് എഎപി ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്.
ഡിഡിസിഎയുടെ മുന്‍ മേധാവിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. തന്റെ പോരാട്ടം പാര്‍ട്ടിക്കോ ഏതെങ്കിലും വ്യക്തിക്കോ എതിരല്ലെന്നും അഴിമതിക്കെതിരേയാണെന്നുമാണ് ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച കീര്‍ത്തി ആസാദിന്റെ വിശദീകരണം. കഴിഞ്ഞ എട്ടുവര്‍ഷമായി താന്‍ ഉന്നയിച്ചുവരുന്നതാണ് ഡിഡിസിഎയിലെ വന്‍ അഴിമതി. തനിക്ക് ആരെയും പേടിക്കേണ്ടതില്ല. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്ന ആശങ്കയുമില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അഴിമതിയാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍നിന്നു പിന്നോട്ടില്ല. ക്രിക്കറ്റിലെ ക്രമക്കേടുകള്‍ക്കെതിരേ എന്നും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it