ernakulam local

വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും മല്‍സ്യം ലഭിക്കുന്നില്ല: മല്‍സ്യബന്ധന മേഖല സ്തംഭനത്തില്‍

വൈപ്പിന്‍: പതിവിനു വിപരീതമായി ഇക്കുറി മല്‍സ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മല്‍സ്യവ്യവസായ മേഖലയായ മുനമ്പം കടുത്ത പ്രതിസന്ധിയിലേക്ക്. ഈ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന തൊഴിലാളികള്‍, ചെറുകിടക്കാര്‍, കച്ചവടക്കാര്‍, തരകന്മാര്‍, ഐസ് ഫാക്ടറി തുടങ്ങി എല്ലാ മേഖലയിലും മാന്ദ്യം അനുഭവപ്പെടുകയാണ്.
മുനമ്പം പ്രധാന ഹാര്‍ബറില്‍ രാവിലെ കുറഞ്ഞ തോതില്‍ ചെമ്മീന്റെ പണി മാത്രമാണ് നടക്കുന്നത്. വലിയ ബോട്ടുകള്‍ ഒന്നും കയറുന്നില്ല. മിനി ഹാര്‍ബറിലെ സ്ഥിതി തീര്‍ത്തും പരിതാപകരമാണ്. 70 ബോട്ടുകള്‍ കയറിയിരുന്നിടത്ത് ഇപ്പോള്‍ വിരലിലെണ്ണാവുന്ന ബോട്ടുകള്‍ മാത്രമാണ് എത്തുന്നത്.
നാലുമാസത്തിലേറെയായി വള്ളങ്ങള്‍ക്ക് പണിയില്ലാതായിട്ട്. ആ കുടുംബങ്ങളും ദാരിദ്ര്യത്തിലേക്കു നീങ്ങുകയാണ്.
നിയമംകൊണ്ട് നിരോധിക്കപ്പെട്ട ചെറുമല്‍സ്യബന്ധനം കര്‍ശനമായി നിയന്ത്രിക്കുന്നത് മുനമ്പം, കൊച്ചി, കൊല്ലം എന്നീ ഹാര്‍ബറുകളില്‍ മാത്രമാണ്.
എന്നാല്‍ ഇത്തരം മല്‍സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ മറ്റു ഹാര്‍ബറുകളെ ആശ്രയിക്കുന്ന പ്രവണതയുണ്ട്. കൂടുതലും കുളച്ചല്‍ മുട്ടത്തെ ഹാര്‍ബറുകളിലാണ് ഇവര്‍ അടുക്കുന്നത്. നിയമം എല്ലായിടത്തും ഒരേപോലെ നടപ്പാക്കാത്തതാണ് ഇതിനു കാരണം.
ഈ സമയത്ത് തളയന്‍ മല്‍സ്യം കൂടുതലായി കിട്ടേണ്ടതാണ്. ഇതിനു കാരണം നിരോധിത പെലാജിക് വല ഉപയോഗിച്ച് ഈ മല്‍സ്യങ്ങളെ ചെറുപ്രായത്തില്‍ത്തന്നെ വ്യാപകമായി വാരിക്കൊണ്ടുപോയതാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.
ബോട്ടുകാര്‍ക്ക് ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയ തരകന്മാരും പലചരക്കു കടക്കാരും ഐസ്ഫാക്ടറി തൊഴിലാളികളും ഹാര്‍ബറുകളിലെ കയറ്റിറക്ക് തൊഴിലാളികളും എല്ലാം ദുരിതം പേറുകയാണ്.
Next Story

RELATED STORIES

Share it