Idukki local

വള്ളക്കടവില്‍ ദുരന്ത നിവാരണ സേനയുടെ ടീം ക്യാംപ് ചെയ്യുന്നു

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ തീരപ്രദേശമായ വണ്ടിപ്പെരിയാര്‍ മുതല്‍ വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളില്‍ ദേശീയ ദുരന്ത നിവാരണ (ആന്റി ഡിസാസ്റ്റര്‍ ഫോഴ്‌സ് എ.ഡി.എഫ്.) അംഗങ്ങള്‍ സന്ദര്‍ശിച്ചു. തീരപ്രദേശങ്ങള്‍ പരിശോധിച്ച് പരിശീലന പരിപാടികള്‍ക്കും തുടക്കം കുറിച്ചു. പെരിയാറിന്റെ തീരമായ വള്ളക്കടവില്‍ ക്യാംപു ചെയ്യുകയാണ് ടീം. കോതമംഗലത്തു നിന്നുമെത്തിയ ടീമാണ് ഇവിടെ എത്തിയത്.
എറണാകളം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ എത്തിയത്. ആറംഗ സംഘമാണ് ഇവിടെയുള്ളത്.മൂന്നു വനിതകളും,മൂന്നു പുരുഷന്‍മാരും.വി ജി ബിജുകുമാര്‍ കോ-ഓര്‍ഡിനേറ്ററായുള്ള ടീമാണ് ഇത്. നഴ്‌സ്, ഫാര്‍മിസ്റ്റ്,തുടങ്ങിയവരുടെ സേവനം ഇവരോടൊപ്പം എപ്പോഴും ഉണ്ട്. ഒരേ സമയം 500 പേര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കാന്‍ മരുന്നുകള്‍, റോപ്പ്,ശക്തിയേറിയ ടോര്‍ച്ച് ലൈറ്റുകള്‍, ആയിരം വാട്‌സിന്റെ പവര്‍ യൂനിറ്റ് എന്നിവ ഇവരുടെ വാഹനത്തില്‍ സദാ സജ്ജമാണ്. വള്ളക്കടവില്‍ ഹാം റേഡിയോ സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
അതേസമയം,മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സേന ജില്ലയിലെ വിവിധയിടങ്ങളില്‍ ഒരാഴ്ചയായി നടത്തിവന്ന മോക്ഡ്രില്ലും പരിശീലന പരിപാടികളും അവസാനിപ്പിച്ചു. എന്നിരുന്നാലും സേന ജില്ലയില്‍ കാംപ് ചെയ്യും.
സമാപന ദിവസമായ ഇന്നലെ ഉപ്പുതറയിലെ രണ്ടിടങ്ങളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിക്ക് ജില്ലാകലക്ടര്‍ വി രതീശന്‍ നേരിട്ടെത്തിയാണ് നേതൃത്വം നല്‍കിയത്.
ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വിടുമ്പോഴുള്ള അധികജലം പെരിയാറിലേക്ക് ഒഴുകുമ്പോഴുണ്ടാകുന്ന സുരക്ഷാ ഭീഷണി മാത്രമാണ് നമ്മുടെ ഇപ്പോഴത്തെ ആശങ്കയെന്നും ജാഗ്രത കാട്ടിയാല്‍ അത് ഒഴിവാക്കാമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേന ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ സംഘടിപ്പിച്ച മോക്ഡ്രില്ലും ബോധവല്‍ക്കരണ പരിപാടിയും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.ജനങ്ങള്‍ സ്വയം സുരക്ഷിതരാവണമെന്നും അതിന് ഗവണ്‍മെന്റ് തരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറണമെന്നും ഇടുക്കി സബ് കലക്ടര്‍ എന്‍ ടി എല്‍ റെഡ്ഡി പറഞ്ഞു.
ഇ എസ് ബിജിമോള്‍ എം.എല്‍.എ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍ ടൈറ്റസ്, സംസ്ഥാന ദുരന്തനിവാരണ സമിതിയംഗം ഡോ. ശേഖര്‍ കുര്യാക്കോസ്, റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it