വളര്‍ത്തുമൃഗങ്ങളില്‍ സൂര്യതാപം: നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: കടുത്ത മേടച്ചൂടില്‍ മനുഷ്യരെന്നപോലെ മൃഗങ്ങളും കടുത്ത സൂര്യതാപമേറ്റു പിടയുന്ന സാഹചര്യം കണക്കിലെടുത്ത് മൃഗസംരക്ഷണ വകുപ്പ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ണൂരും കോഴിക്കോട്ടും പുനലൂരും അവശനിലയിലായ മൃഗങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ചികില്‍സ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ് ചന്ദ്രന്‍കുട്ടി അറിയിച്ചു.
മഴയുടെ ഗണ്യമായ കുറവ് കേരളത്തിലെ സ്വാഭാവിക പുല്‍മേടുകളെ കരിച്ചുകളഞ്ഞത് കാലികള്‍ക്ക് ഭീഷണി ആയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് തൃപ്തികരമായി വെള്ളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ക്കു സാധ്യതയേറും. പശുക്കളിലും നായകളിലുമാണ് സൂര്യാഘാതത്തിന്റെ തീക്ഷ്ണത കൂടുതലായി കാണുന്നത്. കണ്ണുകള്‍ പുറത്തേക്കുതള്ളി തുറിച്ച നോട്ടത്തില്‍ തുടങ്ങി ഉമിനീര്‍ ധാരയായി ഒഴുകി അപസ്മാരത്തില്‍ അവസാനിക്കുന്ന ലക്ഷണങ്ങളുണ്ടാവാം. തീക്ഷ്ണമായ വേനലില്‍ മൃഗങ്ങളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നും തുറസ്സായ സ്ഥലങ്ങളില്‍ മൃഗങ്ങളെ മേയാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആഹാരം ശരീരതാപനിലയെ ബാധിക്കുമെന്നതിനാല്‍ പതിവില്‍നിന്നു വ്യത്യസ്തമായ തീറ്റകള്‍ നല്‍കരുത്.
വൃക്ഷത്തണലുകളില്‍ മൃഗങ്ങളെ കെട്ടുന്നതു നന്നായിരിക്കും. ശുദ്ധജലം ആവശ്യാനുസരണം വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുകയും തൊഴുത്തില്‍ കാറ്റും വെളിച്ചവും കടക്കാന്‍ സൗകര്യമുണ്ടാക്കുകയും വേണം. മേല്‍ക്കൂരയ്ക്കു മുകളില്‍ തെങ്ങോല വിരിക്കുന്നത് താപം കുറയ്ക്കാന്‍ സഹായിക്കും. ഉച്ചനേരം ചണച്ചാക്കുകള്‍ നനച്ച് ഉരുക്കളുടെ പുറത്ത് ഇടുകയോ അറക്കപൊടി കിഴികെട്ടി ശിരോഭാഗത്ത് കൊമ്പുകള്‍ക്കിടയില്‍ കെട്ടിവച്ച് ഇടയ്ക്ക് നനച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. വിറ്റാമിനുകളും ധാതുലവണ മിശ്രിതങ്ങളും ആഹാരത്തില്‍ ചേര്‍ത്തു കൊടുക്കണം. കോഴികളില്‍ തീറ്റ പലഘട്ടങ്ങളിലായി നല്‍കിയും കുടിവെള്ളത്തില്‍ ഐസ് കഷണങ്ങള്‍ നല്‍കുകയും ചെയ്യണം. ബ്രോയിലര്‍/മുട്ടക്കോഴി കൂടുകളില്‍ നന്നായി കാറ്റും വെളിച്ചവും കടക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ സ്ഥലത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it