kannur local

വളയംചാലില്‍ കോണ്‍ക്രീറ്റ് പാലത്തിന് ഏഴുകോടിയുടെ എസ്റ്റിമേറ്റ്

ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ വളയംചാലില്‍ തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ ഏഴുകോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിക്കുന്ന പാലത്തിന് കിറ്റ്‌കോയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
വളയംചാലില്‍ തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് പാലത്തിനായി തറക്കല്ലിടല്‍ ചടങ്ങ് നടത്തിയെങ്കിലും ഫണ്ടില്ലാഞ്ഞതിനാല്‍ നിര്‍മാണം മുടങ്ങി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയെ കണിച്ചാര്‍ പഞ്ചായത്തുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതാണ് പാലം.—— ഓടന്‍തോട് പുഴയ്ക്ക് കുറുകെ നിര്‍മിച്ച മരപ്പാലം പലതവണ തകര്‍ന്നുവീഴുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം കയറിയാല്‍ പാലം വഴിയുള്ള യാത്ര അപകടകരമായിരുന്നു. സ്‌കൂള്‍ കുട്ടികളും ആറളം ഫാമിലെ സ്ത്രീ തൊഴിലാളികളും ഉള്‍പ്പെടെ നിരവധിപേരാണ് പാലം വഴികടന്നുപോവുന്നത്.
ആറളം ഫാമില്‍ നിന്നും കണിച്ചാറിലെത്താന്‍ വളയംചാല്‍ പാലം വഴി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതി. പാലം അപകടത്തിലാകുന്നതോടെ കിലോമീറ്ററുകള്‍ താണ്ടി കാക്കയങ്ങാട്, പാലപുഴവഴിയാണ് പോകേണ്ടി വരുന്നത്.
ഇത് ഏറെ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ആദിവാസികള്‍ക്ക് ഉണ്ടാക്കുന്നു. —പുഴയ്ക്ക് കുറുകെ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന തൂക്കുപാലം ആറളം പഞ്ചായത്തിന്റെയും ആദിവാസി മിഷന്റെസഹായത്തോടെ ഒരുലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it