വല്ലാര്‍പാടം തുറമുഖത്തെ കണ്ടെയ്‌നര്‍-ട്രക്ക് തൊഴിലാളി സമരം പിന്‍വലിച്ചു

കൊച്ചി: കണ്ടെയ്‌നര്‍-ട്രെയിലര്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ഫെയര്‍ വേജസ് നടപ്പാക്കുക, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ട്രക്ക് തൊഴിലാളികള്‍ ട്രേഡ് യൂനിയന്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി. തിരുവനന്തപുരത്ത് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. തുറമുഖത്തു ചരക്കുനീക്കം പുനരാരംഭിച്ചു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മൂന്നു മാസത്തിനുള്ളില്‍ സ്ഥിരം പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്തുമെന്ന് തുറമുഖ ട്രസ്റ്റ് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. അതുവരെ പാര്‍ക്കിങിന് താല്‍ക്കാലിക സൗകര്യങ്ങളൊരുക്കും. ഏകീകൃതമായ ഒരു വാടക ലഭിക്കാത്തതിനാല്‍ ട്രെയിലര്‍ തൊഴിലാളികള്‍ക്ക് കൃത്യമായ ബാറ്റ നല്‍കാനാവുന്നില്ലെന്ന് ട്രക്കുടമ സംഘടനകള്‍ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലേക്ക് വാഹനങ്ങള്‍ ഓടുന്നതിന് നിരക്കു നിശ്ചയിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. മൂന്നുമാസത്തിനകം നാറ്റ്പാക് വാടക നിശ്ചയിച്ചുനല്‍കണം.
മൂന്നുമാസം വരെ തൊഴിലാളികളുടെ ബാറ്റയില്‍ താല്‍ക്കാലിക വര്‍ധന വരുത്തുന്ന തീരുമാനം യോഗം അംഗീകരിച്ചു. ഇതുപ്രകാരം നാല്‍പതടി കണ്ടെയ്‌നര്‍ ഓടിക്കുന്ന ഡ്രൈവറുടെ ബാറ്റ 840 രൂപയില്‍ നിന്ന് 1050 രൂപയായി വര്‍ധിച്ചു. ഇരുപതടി കണ്ടെയ്‌നറിലെ ഡ്രൈവറുടെ ബാറ്റ 683 രൂപയില്‍നിന്ന് 850 രൂപയായും നിജപ്പെടുത്തി. മറ്റു ദൂരങ്ങളിലേക്ക് മിനിമം 150 രൂപയുടെ വര്‍ധന അംഗീകരിച്ചു. ദീര്‍ഘദൂര ഓട്ടത്തിന് ബാറ്റയില്‍ അഞ്ചുശതമാനം വര്‍ധന ഉണ്ടാവും.
സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍- ട്രക്ക് തൊഴിലാളികള്‍ ഈ മാസം 10 മുതലാണ് സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍സ് വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായും നി—ലച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ തലത്തില്‍ ഒമ്പതു വട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ യോഗം വിളിച്ചത്.
Next Story

RELATED STORIES

Share it