malappuram local

വലിയോറ ബാക്കിക്കയം റഗുലേറ്ററിന് ശിലയിട്ടു

വേങ്ങര: കടലുണ്ടിപുഴയിലെ ജല സമൃദ്ധി സംരക്ഷിക്കാന്‍  20 കോടി രൂപ ചെലവിട്ട് ജല വകുപ്പും ജലനിധിയും സംയുക്തമായി വലിയോറ ബാക്കിക്കയത്ത് നിര്‍മിക്കുന്ന റഗുലേറ്ററിന്റെ ശിലാസ്ഥാപനം ജല മന്ത്രി പി ജെ ജോസഫ് നിര്‍വഹിച്ചു.
തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 10 പഞ്ചായത്തുകളിലെ മൂവായിരം കുടുംബങ്ങളുടെ ശുദ്ധജല പ്രശ്‌നങ്ങള്‍ക്കും പ്രദേശത്തെ ആയിരത്തിലധികം ഹെക്ടറിലെ കാര്‍ഷിക ജലസേചനത്തിനും പരിഹാരമാവുന്നതാണ് റഗുലേറ്റര്‍. അടുത്ത നവംമ്പറിനകം പണി പൂര്‍ത്തീകരിച്ച്  കമ്മീഷന്‍ ചെയ്യും. ഒമ്പത് മാസം കൊണ്ട് പൂര്‍ത്തികരിക്കണമെന്ന എഗ്രിമെന്റിലാണ് നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുള്ളത് മന്ത്രി പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മന്ത്രി പി കെ അബ്ദുറബ്ബ് പ്രഭാഷണം നടത്തി. വി കെ കുഞ്ഞാലന്‍ക്കുട്ടി, വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പി കെ അസ്‌ലു, തിരൂരങ്ങാടി നഗര സഭാ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, എം പി കുഞ്ഞിമൊയ്തീന്‍, പി മുഹമ്മദ്കുട്ടി, ഹനീഫ പുതുപ്പറമ്പ്, ചാക്കോ വര്‍ഗീസ്, കെ വി എം ലത്തീഫ് സംസാരിച്ചു. 70മീറ്റര്‍ വീതിയിലും 4.6 മീറ്റര്‍ ഉയരത്തിലും നിര്‍മിക്കുന്ന റഗുലേറ്ററിന് 12 മീറ്ററില്‍ നാലും 6 മീറ്ററില്‍ രണ്ടും ഷട്ടറുകളാണുണ്ടാവുക.പുഴക്കിരുവശവും മുകളിലേക്ക് 250 മീറ്ററും താഴേക്ക് 100 മീറ്ററും ഭിത്തി കെട്ടി സംരക്ഷിക്കും. പൂര്‍ത്തിയായാല്‍  10 കിലോമീറ്റര്‍ ദൂരത്തോളം ജലം കെട്ടി നിര്‍ത്താനാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വേങ്ങര, കണ്ണമംഗലം, പറപ്പൂര്‍, എആര്‍ നഗര്‍, എടരിക്കോട്, തെന്നല, ഒഴൂര്‍, ഊരകം, ഒതുക്കുങ്ങല്‍, പെരുമണ്ണക്ലാരി എന്നീ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കും, വലിയോറ, ഇരിങ്ങല്ലൂര്‍, കരുമ്പില്‍, വാളക്കുളം, പറപ്പൂര്‍ എന്നീ പാട ശേഖരങ്ങളിലെ കൃഷിക്കും പദ്ധതി സഹാകമാവും.
Next Story

RELATED STORIES

Share it