വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

വിളയോടി ശിവന്‍കുട്ടി
എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവും; വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന് യുഡിഎഫ്; വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി എന്ന് എന്‍ഡിഎ. ഇതെല്ലാം കോര്‍പറേറ്റുകളുടെ ശ്ലോകമാണ്.
ഈ നാടിനെയും ജനങ്ങളെയും കൊള്ളചെയ്തുകൂട്ടിയ പലിശപ്പണംകൊണ്ട് ജനാധിപത്യത്തിനു പകരം പണാധിപത്യത്തിലൂടെ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് മേല്‍പ്പറഞ്ഞ മുന്നണികള്‍. ജനങ്ങളെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പണയപ്പണ്ടമാക്കിക്കൊണ്ട് മല്‍സരിക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം. യഥാര്‍ഥത്തില്‍ ആരോടാണ് ഇവര്‍ മല്‍സരിക്കുന്നത്? ബാലറ്റ് പ്രദര്‍ശിപ്പിച്ച് ബുള്ളറ്റും ബയണറ്റുംകൊണ്ട് രാജ്യം ഭരിക്കാനുള്ള കോര്‍പറേറ്റ് ദല്ലാളന്‍മാരുടെ പ്രച്ഛന്നവേഷമല്‍സരമാണ് ഇന്ന് തിരഞ്ഞെടുപ്പുകള്‍.
രാമായണത്തില്‍ പ്രണയാഭ്യര്‍ഥന നടത്തിയ ശൂര്‍പ്പണഖയുടെ മൂക്കും മുലയുമാണ് ലക്ഷ്മണന്‍ ഛേദിച്ചത്. എന്നാല്‍, ഇന്ന് രാഷ്ട്രീയ രാമന്‍മാര്‍ നീതിചോദിക്കുന്നവരുടെയെല്ലാം സര്‍വാംഗവുമാണ് ഛേദിക്കുന്നത്. കോര്‍പറേറ്റ് നുകത്തിനു കീഴില്‍ ജനങ്ങളെ ബന്ധിച്ച് ജനവിരുദ്ധ തേര്‍വാഴ്ചയിലൂടെ അധികാരവും സമ്പത്തും ഭൂമിയും കവര്‍ന്നെടുത്തുകൊണ്ട് എത്തിച്ചേരുന്നത് ഫാഷിസത്തിലേക്കാണ്- സവര്‍ണ ഫാഷിസം അല്ലെങ്കില്‍ സോഷ്യല്‍ ഫാഷിസം.
ഇന്ത്യന്‍ ജനാധിപത്യമെന്നത് ഇന്ത്യന്‍ മനസ്സിന്‍മേലുള്ള മേല്‍വസ്ത്രം മാത്രമാണെന്ന് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. അതിനെയാണ് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും അവരവരുടെ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കുന്നത്. ഈ ബ്രാന്‍ഡിലാണ് ജനങ്ങളെ കാലാകാലമായി കബളിപ്പിച്ച് ഭരിക്കുന്നത്. പഞ്ചായത്തും പാര്‍ലമെന്റും നിയമസഭയും ജനങ്ങള്‍ക്കുവേണ്ടിയാണ് ഒത്തുചേരുന്നതെങ്കില്‍ ഇത്രമേല്‍ ദുരിതം ഒരു പെരുമഴപോലെ പെയ്തിറങ്ങുമായിരുന്നില്ല. നീതിയും സത്യവും ഒളിവിലാവുകയുമില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍ ജനങ്ങളുടെ മുഖത്തുനോക്കി ഇളിച്ചുകാട്ടുകയാണ്. അവര്‍ റോഡ് ഷോകളിലൂടെ നവകേരളം, വികസനമുന്നേറ്റം, രാമരാഷ്ട്രം, ക്ഷേമരാഷ്ട്രം, ഹിന്ദുരാഷ്ട്രം, ധര്‍മരാഷ്ട്രം, സ്വച്ഛ്ഭാരതം, ഗോസംരക്ഷണം അങ്ങനെ പല ഗിമ്മിക്കുകള്‍കൊണ്ട് ജനങ്ങളെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്ത് മനുഷ്യരുടെ ജീവിതദുരിതങ്ങളെ തമസ്‌കരിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 70 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ഇന്നും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ആരോഗ്യവും വിദ്യാഭ്യാസവുമടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നുംതന്നെ ലഭിക്കാതെ നരകിക്കുന്നവരുടെ ഇന്ത്യയും വിദേശബാങ്കുകളില്‍ ദശലക്ഷം കോടികള്‍ നിക്ഷേപിച്ച് തലമുറകളായി സുഖവാസത്തില്‍ മുഴുകുന്നവരുടെ തിളങ്ങുന്ന ഇന്ത്യയും തമ്മിലുള്ള വൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്.
നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്? രാജ്യം മുഴുവന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ അഭയാര്‍ഥിപ്രവാഹവും കര്‍ഷക ആത്മഹത്യകളുമാണ്. രോഗപീഡയാല്‍ ഒടുങ്ങിത്തീരുന്നവരും കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്നവരും ബലാല്‍സംഗത്തിന് ഇരയാവുന്നവരും ദുരഭിമാനക്കൊലകളുടെ ഇരകളും പെരുകുകയാണ്. ദലിതരെ ജീവനോടെ ചുട്ടെരിക്കുകയും ദരിദ്രരെ തല്ലിക്കൊല്ലുകയും ആദിവാസികളെ വംശഹത്യക്കിരയാക്കുകയും മുസ്‌ലിം ജനവിഭാഗത്തിനുമേല്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിക്കുകയും മാവോവാദികളെ ഓപറേഷന്‍ ഗ്രീന്‍ഹണ്ടിലൂടെ വകവരുത്തുകയും പുരോഗമനചിന്താഗതിക്കാരെ വെടിവച്ചുകൊല്ലുകയും മനുഷ്യാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയുമാണ്. ഇത്തരം നയങ്ങളിലൂടെ യുവത്വത്തെ തന്നെ ഷണ്ഡീകരിക്കുന്നു. പ്രകൃതിവിഭവങ്ങളെ മുച്ചൂടും കൊള്ളചെയ്യാന്‍ സ്വദേശ-വിദേശ കുത്തകകള്‍ക്ക് കാടും കടലും ഖനികളും വിട്ടുകൊടുക്കുന്നു. കുടിനീരിനുവേണ്ടിപ്പോലും യുദ്ധം പൊട്ടിപ്പുറപ്പെടുന്നു.
ഹിറ്റ്‌ലറും മുസ്സോളിനിയും പുനര്‍ജനിക്കുന്ന കാലത്ത് ജനങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കുകയില്ലെന്നതാണ് അവരുടെ നിലപാട്. സൈനിക വിന്യാസവും അടിച്ചമര്‍ത്തലുകളും രാജ്യവ്യാപകമാവുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍പോലും അട്ടിമറിക്കപ്പെടും. യുഎപിഎ പോലുള്ള കിരാത നിയമങ്ങളിലൂടെ ക്ഷുഭിതയൗവനങ്ങള്‍ തടങ്കല്‍പ്പാളയങ്ങളിലും കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലും അടയ്ക്കപ്പെടാന്‍ വിധിക്കപ്പെടും. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രധാന യൂനിവേഴ്‌സിറ്റികളും കാംപസുകളും കോടതിമുറികളും മറ്റു തന്ത്രപ്രധാന മേഖലകളും ഫാഷിസ്റ്റ് പരിഷകളുടെ ബങ്കറുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇതാണു വരേണ്യതയുടെ തന്ത്രം.
ഈ സാഹചര്യത്തിലും കത്തുന്ന പുരയില്‍നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭമാക്കി കക്ഷിരാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥ ദല്ലാള്‍ ബൂര്‍ഷ്വാസിയും മുന്നേറുന്നുണ്ട്. പരസ്പര സഹകരണത്തില്‍ കൊള്ളയും കൊലയും കൂട്ടിക്കൊടുപ്പുമല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്? ധനസമ്പാദനത്തിനുള്ള ഒരു എളുപ്പവഴിയാണ് ഇന്ന് തിരഞ്ഞെടുപ്പുരാഷ്ട്രീയം. അംബാനിയും അദാനിയും വിജയ് മല്യയും അമിതാഭ് ബച്ചനും ബാബാ രാംദേവും അവരുടെ ഗുരുവര്യന്മാരാവുമ്പോള്‍ പാര്‍ലമെന്ററിവ്യാമോഹം തലയ്ക്കുപിടിച്ചവര്‍ക്ക് അധികാരം അധീശത്വമായി മാറുകയാണ്. കൊള്ളമുതല്‍ കുന്നുകൂട്ടാന്‍ നേതാക്കളുടെ പല്ലക്ക് ചുമക്കുകയേ അവര്‍ക്കു നിവൃത്തിയുള്ളു.
പാര്‍ലമെന്റുകള്‍ പന്നിക്കൂടുകളും ബൂര്‍ഷ്വാസിയുടെ സൊള്ളല്‍കേന്ദ്രവുമാണെന്ന് ലെനിന്‍ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ഇതുതന്നെ ഗാന്ധി മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്: പാര്‍ലമെന്റ് ഒരു വ്യഭിചാരശാല പോലെയും പാര്‍ലമെന്ററിവ്യവസ്ഥ അര്‍ധഫാഷിസമാണെന്നും. പാലാളി മന്‍ട്രം ഒരു ചാക്കട(അഴുക്കുചാല്‍) യാണെന്നു തന്തൈപെരിയാറും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ വിതണ്ഡവാദങ്ങളില്‍ വ്യാപരിക്കുന്നു. അവരുടെ പിന്‍മുറക്കാര്‍ അതേ പന്നിക്കൂട്ടിലേക്കാണ് വീണ്ടും വീണ്ടും ചേക്കേറാനായി മുക്രയിടുന്നത്.
സാമ്രാജ്യത്വ മുതലാളിമാരുടെയും സവര്‍ണ ബ്രാഹ്മണ്യ കോര്‍പറേറ്റുകളുടെയും ഫാഷിസ്റ്റ് പരിച്ഛേദങ്ങളാണ് ഇന്നു മല്‍സരരംഗത്തുള്ള മൂന്നു മുന്നണികളും. വികസനം നടത്തി വികസിച്ചത് നാടോ നാട്ടിലെ ജനങ്ങളോ അല്ല; പങ്കുപറ്റുകാരുടെ സ്വകാര്യ പറുദീസകളാണ്. എന്നാല്‍, ജനങ്ങള്‍ ഇവിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കാസരോഗികളെപ്പോലെ ചക്രശ്വാസം വലിക്കുകയാണ്. ഈ അവസ്ഥയില്‍ നമ്മള്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നത്?
തിരഞ്ഞെടുപ്പ് മാമാങ്കത്തിനുവേണ്ടി പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ധൂര്‍ത്തടിക്കുമ്പോള്‍ ആ ബാധ്യതയും കൂടി ജനങ്ങളുടെ തലയ്ക്കാണ് വന്നുചേരുക. അപ്പോള്‍ ഈ തിരഞ്ഞെടുപ്പുകള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യമുയരും.
Next Story

RELATED STORIES

Share it