വര്‍ഗീയ രാഷ്ട്രീയവും കാനവും

Tue, 18 Aug 2015

എം രാജന്‍

കേരളത്തിന്റെ ജനസംഖ്യയില്‍ ഹിന്ദു ഭൂരിപക്ഷം ഇല്ലാതാകുമെന്നും മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായിക്കഴിഞ്ഞെന്നും അതുകൊണ്ട് ഇടതുപക്ഷത്തിന്റെ മതന്യൂനപക്ഷങ്ങളോടുള്ള മൃദുസമീപനം ഉപേക്ഷിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും സി.പി.ഐ. ആ നിലപാട് ശരിവച്ചു. സമൂഹത്തിന്റെ ഘടനയില്‍ മതങ്ങളുടെ ചേരുവയില്‍ ഇത്തരം മാറ്റങ്ങള്‍ വരുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനാണ് ഇത്ര ഉല്‍ക്കണ്ഠയോടെ കാണുന്നത്? അതുകൊണ്ട് വര്‍ഗബന്ധങ്ങളില്‍ ഒരു മാറ്റവും വരുന്നില്ലല്ലോ?
വര്‍ഗസമീപനം പൂര്‍ണമായി കൈവെടിഞ്ഞ്, തിരഞ്ഞെടുപ്പിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നതിന്റെ ഫലമായ വ്യതിയാനമാണ് രാജേന്ദ്രനും സി.പി.ഐക്കും സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കുകയാണ് വേണ്ടതെന്ന സീതാറാം യെച്ചൂരിയുടെ അടുത്ത കാലത്തെ പ്രസ്താവനയാണ് ഇക്കാര്യത്തില്‍ ശരിയായിട്ടുള്ളത്. കാരണം,‘ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. എല്ലാ തരം വര്‍ഗീയതയും വര്‍ഗ ഐക്യത്തെയും വര്‍ഗസമരത്തെയും ദുര്‍ബലപ്പെടുത്തുമെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയിലും ഫാന്‍സിലും മറ്റും താമസിയാതെ വെള്ളക്കാരുടെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ വംശജരായ പൗരന്മാര്‍ ഭൂരിപക്ഷമായി മാറുമെന്നുമുള്ള റിപോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇതില്‍ ആശങ്കയുണ്ടാവുന്നത് വെള്ളക്കാരുടെ മേധാവിത്വ മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ക്കു മാത്രമാണ്. അതുപോലുള്ള ഹിന്ദുത്വ മനോഭാവം കാനം രാജേന്ദ്രനും സി.പി.ഐക്കും ഉണ്ടാവേണ്ട കാര്യമില്ല. കാരണം, മാര്‍ക്‌സിസം ലെനിനിസത്തിലും അതിന്റെ വര്‍ഗസമരസിദ്ധാന്തത്തിലും വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ലോകത്തും കേരളം ഉള്‍പ്പെടെ ഇന്ത്യയിലാകെയും മുതലാളിത്ത-ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെടുകയാണ്.
കെയ്‌നീഷ്യന്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്നിരുന്ന കാലത്തെ മുതലാളിത്ത ചൂഷണത്തിന് ഒട്ടേറെ ക്ഷേമപദ്ധതികളുടെ മറയുണ്ടായിരുന്നു. അതുപയോഗിച്ച് തൊഴിലാളിവര്‍ഗത്തെ കബളിപ്പിക്കാനും ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തില്‍ത്തന്നെ അവരെ തളച്ചിടാനും കഴിഞ്ഞിരുന്നു. എന്നാല്‍, നവ ഉദാരവല്‍ക്കരണനയം വന്നതോടെ ചൂഷണം കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷമാവുകയാണ്. ചെലവു ചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികളായ പെന്‍ഷനും വിദ്യാഭ്യാസ ചികിത്സാപദ്ധതികളും കൂലി പോലും വെട്ടിക്കുറയ്ക്കുകയാണ്.
വികസിത മുതലാളിത്ത രാജ്യങ്ങളിലാണ് ഈ ആക്രമണം ഏറ്റവും രൂക്ഷമായിട്ടുള്ളത്. യൂറോപ്പിലും ഇതര വികസിത രാജ്യങ്ങളിലും തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുസമരങ്ങള്‍ രൂക്ഷമാവുകയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ. ഭരണകാലത്ത് ഇതേ നടപടികള്‍ ശക്തമായി നടപ്പാക്കി. ഒട്ടേറെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. കരാര്‍വല്‍ക്കരണം വ്യാപകമാക്കി. വിലക്കയറ്റത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ചു. അതിനെതിരായ ജനകീയ അസംതൃപ്തി മുതലെടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നത്. പക്ഷേ, അവര്‍ ഈ ആക്രമണനയങ്ങളെല്ലാം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
അതുകൊണ്ട് യു.പി.എ. ഭരണകാലത്തിന്റെ ഒടുവില്‍ രൂപപ്പെട്ട ബി.എം.എസും ഐ.എന്‍.ടി.യു.സിയും എല്ലാം ചേര്‍ന്ന തൊഴിലാളി ഐക്യം ബി.ജെ.പി. ഭരണകാലത്തും ശക്തമായിത്തന്നെ തുടരുന്നു. സപ്തംബര്‍ 2ന്റെ സംയുക്ത അഖിലേന്ത്യാ പണിമുടക്ക് അനുദിനം ഗംഭീരമായി വളരുന്ന വര്‍ഗസമരത്തിന്റെ കരുത്ത് വ്യക്തമാക്കുമെന്ന് തീര്‍ച്ച. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താന്‍ ബി.ജെ.പി. നിര്‍ബന്ധിതമായതിലൂടെ സമാനമായി കര്‍ഷകരംഗത്തു ശക്തിപ്പെട്ടുവന്ന ഐക്യം താല്‍ക്കാലിക വിജയം നേടിക്കഴിഞ്ഞു. പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ഗസമരത്തില്‍ നിന്ന് അധ്വാനിക്കുന്ന വര്‍ഗത്തിന്റെയും ഇതര പുരോഗമന ചിന്താഗതിക്കാരുടെയും ശ്രദ്ധയെ വഴിതെറ്റിക്കുന്നതിനാണ് ബി.ജെ.പിയും സംഘപരിവാരവും വര്‍ഗീയശക്തികളും ശ്രമിക്കുന്നത്.
ഇതിനെ പരാജയപ്പെടുത്തി വര്‍ഗപ്രശ്‌നങ്ങളിലും സമരങ്ങളിലും അധ്വാനിക്കുന്നവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. അതിനു വിരുദ്ധമായി മത-സാമുദായികപ്രശ്‌നങ്ങളില്‍ സാമൂഹികശ്രദ്ധ തളച്ചിടാനുള്ള വര്‍ഗീയശക്തികളുടെ ശ്രമത്തിനു കൂട്ടുനില്‍ക്കുന്ന തരത്തിലായിപ്പോയി കാനത്തിന്റെ പരസ്യ പ്രസ്താവന. മതന്യൂനപക്ഷങ്ങള്‍ ചില വിവേചനങ്ങള്‍ നേരിടുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കേരളത്തേക്കാള്‍ ഇതര സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമായിട്ടുള്ളത്. ബി.ജെ.പി. ഭരണത്തിനു കീഴില്‍ സംഘപരിവാരം ആ വിവേചനം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണുതാനും.
അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന കൊടിയ അവഗണനയും രൂക്ഷമാക്കുന്ന നയങ്ങളാണ് ബി.ജെ.പി. പിന്തുടരുന്നത്. അതിനെതിരായ സമരത്തിന് ന്യൂനപക്ഷ-ദലിത് വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കലല്ല പരിഹാരമെന്നത് സത്യവുമാണ്. അത്തരം ചില പാളിച്ചകള്‍ ഇടതുപക്ഷത്തിനു സംഭവിച്ചു എന്ന അഭിപ്രായമുണെ്ടങ്കില്‍ അത് ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ കാനത്തിന് അവകാശമുണ്ട്. പക്ഷേ, അത് ഇപ്പോള്‍ പറഞ്ഞ ഭാഷയിലല്ല ഉന്നയിക്കേണ്ടത്. അതു പരസ്യപ്രസ്താവന നടത്തി വിവാദമുണ്ടാക്കുന്നത് മുന്നണിമര്യാദയ്ക്കു ചേര്‍ന്നതുമല്ല. മറിച്ച്, മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍കൈയെടുക്കുകയായിരുന്നു ശരിയായ മാര്‍ഗം.
ന്യൂനപക്ഷ വര്‍ഗീയതയോട് ഒരു മൃദുസമീപനം ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതിന് മുന്നണിക്കു നേതൃത്വം നല്‍കുന്ന സി.പി.എം. മാത്രമല്ല ഉത്തരവാദി. സി.പി.ഐക്കും അതിന് ഉത്തരവാദിത്തമുണ്ട്. തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ പള്ളിയുടെയും സമുദായനേതൃത്വങ്ങളുടെയും ഇസ്‌ലാമിക വര്‍ഗീയശക്തികളുടെയും പിന്തുണ തേടുന്നതിന് സി.പി.എമ്മിനൊപ്പം നിന്ന് സി.പി.ഐയും ശ്രമിച്ചിട്ടുണ്ട്. അതെല്ലാം തിരുത്തണമെന്ന് ഇപ്പോള്‍ ആഗ്രഹം തോന്നുന്നുങ്കെില്‍ അത് സ്വാഗതാര്‍ഹം തന്നെ. പക്ഷേ, അതിന് മാറിനിന്ന് ധര്‍മോപദേശം നടത്തുകയല്ല വേണ്ടത്. തെറ്റുകള്‍ക്ക് തങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് എന്നംഗീകരിച്ച് തിരുത്തലിനു കൂട്ടായി മുന്‍കൈയെടുക്കണം. മുമ്പ് ഉദ്ധരിച്ച സീതാറാം യെച്ചൂരിയുടെ പ്രസ്താവനയും സമുദായനേതൃത്വങ്ങള്‍ സമ്പന്നവര്‍ഗ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന അടുത്ത കാലത്തെ പിണറായിയുടെ പ്രസ്താവനയും അതിനു സഹായകമാണ്.
Next Story

RELATED STORIES

Share it