Pathanamthitta local

വര്‍ഗീയ-ആക്രമണ ഭീകര തകള്‍ ഒരുപോലെ എതിര്‍ക്കപ്പെടേണ്ടത്: വി എം സുധീരന്‍

തിരുവല്ല: സംഘപരിവാര ശക്തികളുടെ നേതൃത്വത്തില്‍ രാജ്യത്ത് അലയടിക്കുന്ന വര്‍ഗീയ ഭീകരതയും സിപിഎം നേതൃത്വത്തില്‍ കേരളത്തില്‍ വ്യാപകമായിട്ടുള്ള ആക്രമണ ഭീകരതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ദുഷ്പ്രവണതകളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
പെരിങ്ങര പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വേങ്ങല്‍ ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിലുള്ള സംവരണ തത്വങ്ങള്‍ അട്ടിമറിക്കാനും ഭാരത ജനതയെ ഭിന്നിപ്പിച്ച് ഭരണം നടത്താനുമാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശ്രീ ബുദ്ധന്റെയും മഹാത്മജിയുടെയും കാലം മുതല്‍ നാം പുലര്‍ത്തി പോന്നിട്ടുളള സഹിഷ്ണതയും പരസ്പര സ്‌നേഹവും ഇന്നത്തെ ഭരണാധികാരികള്‍ക്ക് വശമില്ലാത്ത പാഠങ്ങളാണ്. അന്താരാഷ്ട്ര തലത്തില്‍ ഭാരതീയര്‍ക്ക് അപമാനം ഉണ്ടാകത്തക്ക നിലയില്‍ ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ജനത ആക്രമിക്കപ്പെടുന്നു.
നാടിന്റെ ഭാവിക്ക് ആവശ്യമായിട്ടുള്ളത് ഇത്തരക്കാരല്ലെന്ന തിരിച്ചറിവോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കണമെന്നും, പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സഹായം ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന് അനുകൂല വിധിയായി ഈ തിരഞ്ഞെടുപ്പ് മാറണമെന്നും സുധീരന്‍ പറഞ്ഞു.
തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം പി, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, പന്തളം സുധാകരന്‍, വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശ്ശേരി, അഡ്വ. ഉമ്മന്‍ അലക്‌സാണ്ടര്‍, പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. എന്‍ ഷൈലജ്, ഡോ.സജി ചാക്കോ, അഡ്വ. വര്‍ഗീസ് മാമ്മന്‍, ഋഷികേശ്, സോമന്‍ താമരച്ചാലില്‍, സണ്ണി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it