വര്‍ഗീയശക്തികളുമായി അനുരഞ്ജനത്തിന് ശ്രമിച്ചിട്ടില്ല. കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: സുന്നി സംഘടനകളെയും കാന്തപുരത്തെയും നിലവാരം കുറഞ്ഞ ഭാഷയിലും ശൈലിയിലും അധിക്ഷേപിച്ചുകൊണ്ട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അവരുടെ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അതര്‍ഹിക്കുന്ന അവജ്ഞ—യോടെ തള്ളിക്കളയുകയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിന്റെ മാറിവന്ന രാഷ്ട്രീയ ചുറ്റുപാടുകളില്‍ 140 മണ്ഡലങ്ങളിലും സുന്നിപ്രസ്ഥാനം സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് കേരളീയസമൂഹം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ കടന്നുവരവ് ചെറുക്കുന്നതിന് മതേതരശക്തികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വര്‍ഗീയശക്തികളുമായി ഒരു രീതിയിലും അനുരഞ്ജനത്തിന് സുന്നിസമൂഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലും മുന്‍കാലങ്ങളില്‍ വടകരയും ബേപ്പൂരുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് ആരുമായാണ് വോട്ട് കച്ചവടം നടത്തിയതെന്ന് ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്നായറിയാം. ഈ തിരഞ്ഞെടുപ്പില്‍ ലീഗിന് ഒന്നും സംഭവിച്ചിട്ടില്ലെന്നു പറയുന്ന മജീദിനോട് സഹതാപമുണ്ട്. തിരഞ്ഞെടുപ്പുഫലം ഈ രീതിയിലാണോ ലീഗ് വിശകലനം ചെയ്തത്? ഈ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തെ തേടി മര്‍കസിലെത്തിയ ഡോ. എം കെ മുനീര്‍ മുതല്‍ പി കെ ബഷീര്‍ വരെയും ഇ സുലൈമാന്‍ മുസ്‌ല്യാരെ വന്നുകണ്ട പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള ലീഗ് നേതാക്കള്‍ വോട്ടുകച്ചവടത്തിനാണോ എത്തിയതെന്ന് മജീദ് വ്യക്തമാക്കണമെന്ന് മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
ലീഗ് സെക്രട്ടറി ഇപ്പോള്‍ സുന്നി പ്രസ്ഥാനത്തിനെതിരേ തിരിഞ്ഞതില്‍ വ്യക്തമായ അജണ്ടകളുണ്ടെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കുറഞ്ഞപക്ഷം പാര്‍ട്ടി സെക്രട്ടറിസ്ഥാനം നിലനിര്‍ത്താനെങ്കിലും മറുഭാഗത്തുള്ള ചിലരെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ന്യൂനപക്ഷ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറിയപ്പോള്‍ വര്‍ഗീയകക്ഷികളോട് പ്രീണനസമീപനം സ്വീകരിച്ചത് തങ്ങളുടെ തെറ്റാണെന്ന് തിരിച്ചറിയാനെങ്കിലും മുസ്‌ലിം ലീഗിന് കഴിയണം. ഗുജറാത്ത് കലാപത്തിലെ പാവങ്ങള്‍ക്ക് വീടുവയ്ക്കാ ന്‍ പിരിച്ചതിന്റെ കണക്കുപോലും പറയാന്‍ കഴിയാത്തവരാണ് ഗുജറാത്തിലെ കാന്തപുരത്തിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത്. കോടികളുടെ കണക്കും മോഡിബന്ധങ്ങളുമൊക്കെ കാലങ്ങളായി ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളാണെന്ന് എല്ലാവര്‍ക്കുമറിയാം.
അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് സൂഫി സമ്മേളനം നടന്നത്. ഡല്‍ഹിയില്‍ നടന്ന വലിയ സമ്മേളനത്തില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തും ഇത്തരം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ സുന്നി നേതാക്കള്‍ ഉന്നയിച്ച പ്രധാന ആവശ്യം വര്‍ഗീയ ധ്രുവീകരണത്തിനെതിരേ ജാഗ്രതപാലിക്കണമെന്നതായിരുന്നു.
വ്യാജ ആരോപണങ്ങളുന്നയിച്ച് സുന്നിസമൂഹത്തെ നിഷ്‌ക്രിയമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് സഹതാപമേയുള്ളൂവെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മായില്‍ വഫ, എ സൈഫുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it