വര്‍ഗീയത വളര്‍ത്താനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കണം: പണ്ഡിതസംഗമം

തിരുവനന്തപുരം: വര്‍ഗീയത വളര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാനും മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുമുള്ള ഫാഷിസ്റ്റ് ശക്തികളുടെ കുല്‍സിതശ്രമങ്ങളെ പ്രതിരോധിച്ച് മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സംഘടിപ്പിച്ച മുസ്‌ലിം പണ്ഡിതസംഗമം ആവശ്യപ്പെട്ടു. പശുവിന്റെയും മാംസത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതും സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്.
അരക്ഷിതാവസ്ഥ സൃഷ്ടിച്ച് രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കാനാണു വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ പ്രചാരണം നടത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘപരിവാര നേതാക്കളെ നിയന്ത്രിക്കാനും മതന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും പ്രധാനമന്ത്രി ഇടപെടണം. പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുന്ന മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പണ്ഡിതസംഗമം ഖാസി കെ കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംലോകം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ മതപണ്ഡിതന്‍മാര്‍ സത്യസന്ധതയും നൈതികതയും മുറുകെപ്പിടിച്ച് മാതൃകയാവണമെന്നു ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റും ഗ്രാന്റ് മുഫ്തിയുമായ വടുതല വി എം മൂസാ മൗലവി പറഞ്ഞു. പണ്ഡിത സംഗമത്തോടനുബന്ധിച്ചു നടന്ന ഹനീഫാ ഹസ്രത്ത് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്‍മാര്‍ ആത്മീയതയില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെടണമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഹാഫിസ് പി എച്ച് അബ്ദുല്‍ഗഫാര്‍ മൗലവി പറഞ്ഞു. തിരുവനന്തപുരം വലിയഖാസി ചേലക്കുളം അബുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷനായി.
ഹാഫിസ് ഇ പി അബൂബക്കര്‍ ഖാസിമി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, മൗലവി സയ്യിദ് മുസ്തഫാ ഹസ്രത്ത്, വിഴിഞ്ഞം സഈദ് മൗലവി, എ ഹസന്‍ ബസരി മൗലവി, ഹസന്‍ അഷ്‌റഫ് ബാഖവി, പാലുവള്ളി അബ്ദുല്‍ ഹമീദ് മൗലവി, എ സെയ്ഫുദ്ദീന്‍ ഹാജി, കല്ലമ്പലം അര്‍ഷദ് അല്‍ഖാസിമി, എം മുഹിയുദ്ദീന്‍ മൗലവി, കടുവയില്‍ ഷാജഹാന്‍ മൗലവി, എ ആബിദ് മൗലവി അല്‍ഹാദി സംസാരിച്ചു.
Next Story

RELATED STORIES

Share it