wayanad local

വരുംതലമുറയ്ക്കായി കാടും പുഴകളും സംരക്ഷിക്കണമെന്ന്

കല്‍പ്പറ്റ: വരാനിരിക്കുന്ന തലമുറകള്‍ക്കായി, ഇനിയും അവശേഷിക്കുന്ന കാടും പുഴകളും സംരക്ഷിക്കാന്‍ പൊതു സമൂഹം, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കല്‍പ്പറ്റ കോഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ലോക വനദിനാചരണത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പും സാമൂഹ്യ വനവല്‍കരണ വിഭാഗം കല്‍പ്പറ്റ റെയ്ഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല ബോധവല്‍കരണ സെമിനാര്‍ ആവശ്യപ്പെട്ടു.
മനുഷ്യര്‍ തങ്ങളുടെ ആവശ്യത്തിനായി പ്രകൃതിയെ ഉപയോഗിച്ചാല്‍ ഭാവി തലമുറ ശുദ്ധജലത്തിനും വായുവിനുമായി അലയേണ്ടി വരില്ല. എന്നാല്‍ മനുഷ്യരുടെ അത്യാഗ്രഹത്തിന് മുമ്പില്‍ കാടും മലകളും താഴ്‌വാരങ്ങളും, കാട്ടരുവികളും തോടുകളും ചതുപ്പു പ്രദേശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇവ പൂര്‍ണമായി സംരക്ഷിക്കാന്‍ േകന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്ക് കൊണ്ട് കഴിയില്ല, ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും വിചാരിക്കണം. കവിതകളിലും പഴയ സിനിമാ ഗാനങ്ങളിലും എഴുത്തുകാര്‍ പാടിപ്പുകഴ്ത്തിയ കണ്ണാന്തളിയും, കാട്ടുകുരുവിയും, കണ്ണാടി നോക്കുന്ന ചോലകളും ഇളം തലമുറയ്ക്ക് അറിയപ്പെടാതെ പോകുന്ന പശ്ചാത്തലത്തില്‍ വേണം, പഴയ തലമുറയുടെ നന്മകളേക്കുറിച്ച് പഠിയ്ക്കാന്‍. സെമിനാര്‍ അഭിപ്രായപ്പെട്ടു.
കാടും വെള്ളവും എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ഐക്യ രാഷ്ട്ര സഭ ഈ വര്‍ഷത്തെ ലോക വനദിനം ആചരിക്കുന്നത്. സെമിനാര്‍ സാമൂഹ്യ വനവല്‍കരണ വിഭാഗം കല്‍പ്പറ്റ റെയ്ഞ്ച് ഓഫിസര്‍ കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ ടി അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡംഗവും ദേശീയ ഹരിത സേന കോര്‍ഡിനേറ്ററുമായ എ ടി സുധീഷ് ക്ലാസ്സെടുത്തു. ഫോറസ്റ്റ് ഓഫിസര്‍മാരായ ടി ശശികുമാര്‍, എം സി അഷ്‌റഫ്, എം നിസാര്‍, എ ടി ബാലകൃഷ്ണന്‍, അധ്യാപകരായ എം എസ് രാജീവ്, കെ യു സുരേന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധി ഷിനു ജോണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it