വരള്‍ച്ച: സഹായ വാഗ്ദാനവുമായി മമ്മൂട്ടി

കൊച്ചി: കൊടും വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്നവരുടെ സഹായത്തിനായി ചലച്ചിത്രതാരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യം. വിവിധ സംഘടനകളുടെയും സന്നദ്ധരായ മറ്റുള്ളവരുടെയും സഹകരണത്തോടെ അടിയന്തര സഹായമെത്തിക്കാനാണ് മമ്മൂട്ടി മുന്‍കൈ എടുത്ത് നീക്കം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണത്തോടെയായിരിക്കും ഇതു ചെയ്യുക. കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് മമ്മൂട്ടി ഇക്കാര്യം അറിയിച്ചു.
വരള്‍ച്ചാദുരിതം നേരിടാനായി നാളെ രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല യോഗത്തില്‍ മമ്മൂട്ടിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യും. നാളെത്തന്നെ റിലീഫ് പ്രവര്‍ത്തനം തുടങ്ങുമെന്നും മമ്മൂട്ടി അറിയിച്ചു. നാളെ വൈകീട്ട് കൊച്ചിയിലാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സഹായപദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ കൂടിയാലോചനാ യോഗം ചേരുക. താന്‍ വിളിച്ചു ചേര്‍ത്തവര്‍ക്കൊപ്പം സന്നദ്ധരായ മറ്റുള്ളവരും പങ്കെടുക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ഥിച്ചു.
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പ്രത്യേക നേട്ടമില്ലാത്ത രീതിയില്‍ സഹായം എത്തിക്കണമെന്ന നിര്‍ദേശമാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ മുന്നില്‍വച്ചത്. അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നുരാവിലെ ചേരുന്ന ഉന്നതല യോഗം സംസ്ഥാനത്തെ മുഴുവന്‍ വരള്‍ച്ചാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇതിനൊപ്പം മമ്മൂട്ടിയുടെ നിര്‍ദേശവും ഉള്‍പ്പെടുത്തും. കേരളത്തെ വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിച്ച് സഹായമെത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it