വരള്‍ച്ച: മഹാരാഷ്ട്ര സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

നാഗ്പൂര്‍: ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് ഉദാസീന സമീപനം സ്വീകരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ ബോംബെ ഹൈക്കോടതി. വിദര്‍ഭ മേഖലയില്‍ അമരാവതി ഡിവിഷനിലെ പാവപ്പെട്ട കര്‍ഷകര്‍ക്കും ആശ്രിതര്‍ക്കും ആശ്വാസം പകരാത്ത സര്‍ക്കാരിനെ ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, പ്രസന്നവരാലെ എന്നിവരടങ്ങിയ ബെഞ്ച് ശാസിച്ചു.
അമരാവതി, അകോല, യവത്മാള്‍, വാഷിം എന്നീ ജില്ലകളിലെ 6147 ഗ്രാമങ്ങളെ ഉടന്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ദേവാനന്ദ് പവാറും പ്രാദേശിക സംഘടനയായ ഗ്രാമവികാസ് ബാഹു ഉദ്ദേശ്യ സംസ്തയും സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
സര്‍ക്കാരിന്റെ അനാസ്ഥയെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ശീതീകരിച്ച മുറിയിലിരിക്കുന്നവര്‍ക്ക് പാവപ്പെട്ട കര്‍ഷകരുടെ വേദന മനസ്സിലാവില്ല. 6147 ഗ്രാമങ്ങള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഡിവിഷന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഒന്നും സംഭവിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it