palakkad local

വരള്‍ച്ച: പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും വറ്റി വരളുന്നു

പാലക്കാട്: വരള്‍ച്ച മൂലം ജില്ലയിലെ അണക്കെട്ടുകളുടെ ജലനിരപ്പ് വന്‍തോതില്‍ കുറയു ന്നു. കുടിക്കാനുള്ള വെള്ളം മാത്രമാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഭൂരിഭാഗം അണക്കെട്ടുകളിലും വെള്ളം കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലമ്പുഴ ഡാമില്‍ കഴിഞ്ഞ വര്‍ഷം ജലനിരപ്പ് 104. 42 മീറ്റര്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ ജലനിരപ്പ് 101.25 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. നഗരസഭയുടെ പ്രദേശങ്ങളിലേക്കും ആറു പഞ്ചായത്തുകളിലേക്കും വെള്ളം വിതരണം ചെയ്യുന്നത് പ്രധാനമായും ഈ അണക്കെട്ടില്‍ നിന്നാണ്.
എന്നാല്‍ ഇനി കുടിവെള്ളത്തിന് തുറന്നു കൊടുക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ് അണക്കെട്ടില്‍ ശേഷിക്കുന്നതെന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വൈകാതെ മഴ ലഭിച്ചെങ്കി ല്‍ മാത്രമാണ് ഈ വേനല്‍ക്കാലം മുഴുവനും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ വന്‍തോതില്‍ ഇത്തവണ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം87.45 മീറ്റര്‍ വെള്ളമുണ്ടായിരുന്ന അണക്കെട്ടില്‍ ഇത്തവണ ജലനിരപ്പ് 82.80 മീറ്റര്‍ മാത്രമാണ്. ഏകദേശം 4. 65 മീറ്റര്‍ ജലനിരപ്പിന്റെ കുറവാണ് ഇവിടെ കാണുന്നത്. ഇവിടെയും കുടിവെള്ള പദ്ധതികള്‍ക്കുളള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്നും മഴ കിട്ടിയില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ക്കും തുറന്നുവിടാന്‍ വെള്ളം ഉണ്ടാവില്ലെന്ന് അധികൃതര്‍ പറയുന്നു.
മീങ്കര അണക്കെട്ടിലും ഇത്തവണ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവിടെ ജലനിരപ്പ് 150മീറ്റര്‍ ആണ്.എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 151.42 ആയിരുന്നു.കൊല്ലങ്കോട്, ഊട്ടറ, കൊടുവായൂര്‍,കൊടുമ്പ് പ്രദേശങ്ങളിലേക്ക് മീങ്കര അണക്കെട്ടില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.മീന്‍ വളര്‍ത്തല്‍ ഉള്ളതിനാല്‍ അതിനാവശ്യമായ വെള്ളം മാത്രമാണ് ഇന്നവിടെ ശേഷിക്കുന്നത്.അതിനാല്‍ തന്നെ വെള്ളം തുറന്നു വിടാന്‍ കഴിയാത്ത അവസ്ഥയാണ്.
എലപ്പുള്ളി,വാളയാര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചുള്ളിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചുള്ളിയാറിലെ ജലനിരപ്പ് 142.95 മീറ്റര്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 140.51 മീറ്ററായി കുറഞ്ഞു. അണക്കെട്ട് തുറക്കാന്‍ മാത്രമുള്ള വെള്ളം ഇപ്പോള്‍ ഇല്ലെന്നും തുറന്നാല്‍ പോലും എത്തേണ്ട സ്ഥലങ്ങളില്‍ വെള്ളം എത്തില്ലെന്നും അധികൃതര്‍ പറയുന്നു. വാളയാര്‍ ഡാമിലും നേരിയ തോതിലുള്ള കുറവ് കാണിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 193.93 മീറ്ററായിരുന്ന ജലനിരപ്പ് ഇത്തവണ 193.91 മീറ്റര്‍ ആയി. കൃഷി ആവശ്യങ്ങള്‍ക്കാണ് ഇവിടെ നിന്ന് വെള്ളം തുറന്നു വിടുന്നത്. മംഗലം ഡാമില്‍ മാത്രമാണ് വെള്ളം കൂടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 67.510 മീറ്ററായിരുന്ന ജലനിരപ്പ് ഇത്തവണ 70.100 ആയി കൂടിയിട്ടുണ്ട്. കൃഷിക്കു മാത്രമായി ഉപയോഗിക്കുന്ന വെള്ളം വരള്‍ച്ച കൂടുകയാണെങ്കില്‍ കുടി വെള്ളത്തിനായി കനാലിലേക്കു തുറന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞു. പോത്തുണ്ടി ജലസംഭരണിയിലെ വെള്ളവും വേനല്‍ കടുത്തതോടെ കുറഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it