malappuram local

വരള്‍ച്ച നേരിടാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി

കൊണ്ടോട്ടി: സംസ്ഥാനത്തെ വരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ചീക്കോട് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിവെള്ളം എല്ലാവരിലുമെത്തിക്കാന്‍ സര്‍ക്കാര്‍ നടപടകളെടുക്കും.
ജലവിഭവ മന്ത്രി പി ജെ ജോസഫ് ഇതിനായി കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവ പരിശോധിച്ചു വരികയാണ്. കടുത്ത വരള്‍ച്ചയാണ് ഇത്തവണയുണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതിനാല്‍ തന്നെ സര്‍ക്കാര്‍ അവയ്ക്ക് മുന്തിയ പരിഗണ നല്‍കും. ചീക്കോട് പദ്ധതി വഴി വെള്ളം എത്തിക്കാന്‍ സത്വര നടപടിയെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, എംഎല്‍എമാരായ കെ മുഹമ്മദുണ്ണി ഹാജി, പി കെ ബഷീര്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ഗരസഭ ചെയര്‍മാന്‍ സി നാടിക്കുട്ടി, ബ്ലോക്ക് പ്രസിഡന്റ് പി എ നസീറ സംസാരിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലും കുഴിമണ്ണയിലും രാമനാട്ടുകര നഗരസഭയിലും ഒരാള്‍ക്ക് 70 ലിറ്റര്‍ പ്രതിദിനം എന്ന നിരക്കില്‍ എല്ലാവര്‍ക്കും ജലം ലഭിക്കും.
ആവശ്യമായ ജലം ചാലിയിറില്‍ നിന്ന് രായിന്‍കോട് മലയിലെ ശുദ്ധീകരണ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ടാങ്കുകളിലേക്ക് എത്തിക്കുന്നത്. രായിന്‍കോട് മല, ചുള്ളിക്കോട്, പരതക്കാട്, കോമ്പറമ്പ്, മുണ്ടകശ്ശേരി, പുളിക്കല്‍, ചേപ്പിലിക്കുന്ന് എന്നീ പ്രദേശങ്ങളിലായി ഏഴ് ജലസംഭരണികള്‍ ഇതിനായി നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് ടാങ്കുകളിലും വെള്ളമെത്തിച്ചിട്ടുണ്ട്.
ഏഴ് ടാങ്കുകളിലേക്കുള്ള പമ്പിങ് മെയിനുകളും പമ്പ് സൈറ്റ്, ട്രാന്‍സ്‌ഫോമര്‍, 20 കിലോമീറ്റര്‍ നീളത്തിലുള്ള അയേണ്‍ വിതരണ പൈപ്പുകളും പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 45,000 വീടുകള്‍ക്ക് വെള്ളം നല്‍കാന്‍ കഴിയും.
ആവശ്യപ്പെടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it