വരള്‍ച്ച: ദുരന്തനിവാരണ ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: വരള്‍ച്ചപോലുള്ള സാഹചര്യം കൈകാര്യംചെയ്യുന്നതിന് ദുരന്തനിവാരണ ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ബിഹാര്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരാഴ്ചയ്ക്കകം യോഗം വിളിച്ചുചേര്‍ക്കാന്‍ കാര്‍ഷിക മന്ത്രാലയത്തിന് കോടതി നിര്‍ദേശവും നല്‍കി.
ദുരിതനിവാരണ നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനും വരള്‍ച്ചാ ബാധിതമെന്ന പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കാനും ജസ്റ്റിസ് എം ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ദുരിതബാധിതരായ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ വരള്‍ച്ച നിവാരണ ചട്ടം പുനപ്പരിശോധിക്കണമെന്നും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ഒരു ദേശീയ പദ്ധതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വരള്‍ച്ചബാധിത സംസ്ഥാനങ്ങളായ ഗുജ്‌റാത്ത്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ കാര്‍ഷിക മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം വരള്‍ച്ച ബാധിത മേഖലയില്‍ സഹായമെത്തിക്കുന്നതിന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് കോടതി നിര്‍ദേശം.
യുപി, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ 12 സംസ്ഥാനങ്ങളിലെ നിരവധിയിടങ്ങള്‍ വരള്‍ച്ചാബാധിതമാണെന്നും എന്നാല്‍, അധികൃതര്‍ വേണ്ടത്ര സഹായം എത്തിക്കുന്നില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it