kasaragod local

വരള്‍ച്ച: ജില്ലയില്‍ 2,97കോടിയുടെ കൃഷി നാശം

കാഞ്ഞങ്ങാട്: കടുത്ത വേനലില്‍ ജില്ലയില്‍ കനത്ത കൃഷിനാശം. കഴിഞ്ഞ 1-2 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ജില്ലയില്‍ വരള്‍ച്ച ഇത്രയധികം ശക്തമായത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 2,97,52,530 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുള്ളതായി കൃഷി വകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. പച്ചക്കറി ഉള്‍പ്പെടെ പത്തായിരം ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ പൂര്‍ണ്ണമായി നശിച്ചതായാണ് കൃഷി വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ മൂന്ന് മുതലാണ് ജില്ലയില്‍ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയത്. മെയ് 31 വരെയുള്ള കണക്കനുസരിച്ച് 1031 കര്‍ഷകര്‍ക്കാണ് കൃഷി നാശം സംഭവിച്ചത്. 103,912.2 ഹെക്ടര്‍ ഏരിയയിലെ കൃഷി പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തെങ്ങ്, കവുങ്ങ് കൃഷികള്‍ക്കാണ്. ജില്ലയിലെ പ്രധാന കൃഷിയായ വാഴക്കും നാശം സംഭവിച്ചിട്ടുണ്ട്. കവുങ്ങിന്റെ പൂക്കുല കരിഞ്ഞുണങ്ങിയതിനാല്‍ ഈ വര്‍ഷം അടക്ക ഉല്‍പ്പാദനം നാലില്‍ ഒന്നായി ചുരുങ്ങുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. കുലച്ച 30,442 കവുങ്ങുകളും 2,835 കുലക്കാത്ത കവുങ്ങുകളും കരിഞ്ഞുണങ്ങി. 45,290 കുലച്ച വാഴകളും 3,888 കുലക്കാത്ത വാഴകളും നാശത്തിനിരയായെന്നാണ് കണക്ക്.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 10 ഓളം കശുമാവ് കരിഞ്ഞു. കുലച്ച 10548 തെങ്ങും 217 കുലക്കാത്ത തെങ്ങും മൂന്ന് ഹെക്ടറോളം നെല്‍കൃഷിയും നശിച്ചിട്ടുണ്ട്. 6640 കരുമുളക് വള്ളിയും ടാപ്പിങ് ചെയ്യുന്ന 6049 റബര്‍മരങ്ങളും ടാപ്പ് ചെയ്യാത്ത 254 മരങ്ങളും നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 12 ഹെക്ടറോളം പച്ചക്കറി കൃഷിയും വരള്‍ച്ചാകെടുതിയില്‍ നശിച്ചിട്ടുണ്ട്. 82,79,800 രൂപയുടെ കവുങ്ങും 48,74,880 രൂപയും വാഴക്കൃഷിയും നശിച്ചതായാണ് കണക്ക്. 1,33,56,650 രൂപയുടെ തെങ്ങുകൃഷിയും 3,54,000 രൂപയുടെ നെല്‍കൃഷിയും 10,20,400 രൂപയുടെ കുരുമുളകും, 15,85,800 രൂപയുടെ റബറും, 2,75,000 രൂപയുടെ പച്ചക്കറി കൃഷിയും നശിച്ചതായാണ് കൃഷി വകുപ്പ് സര്‍ക്കാരിന് നല്‍കിയ കണക്ക്. എന്നാല്‍ ശരിയായ നാശനഷ്ടം ഇതിലും ഏറെ വരും. കാസര്‍കോട് നഗരസഭ, മുളിയാര്‍, മംഗല്‍പാടി, നീലേശ്വരം, മടിക്കൈ, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ എന്നിവിടങ്ങളിലാണ് വരള്‍ച്ച കൂടുതല്‍ അനുഭവപ്പെട്ടത്.
ഈവര്‍ഷം വേനല്‍ മഴയില്‍ 14,084,450 രൂപയുടെ കൃഷിനാശമുണ്ടായതായി അധികൃതര്‍ പറയുന്നു. പ്രകൃതിക്ഷോഭത്തില്‍ 2013-14 കാലയളവില്‍ 26,19,275 രൂപയുടെയും 2014-15 കാലയളവില്‍ 1,26,48,325 രൂപയുടെയും 2015-16 വര്‍ഷത്തില്‍ 85,01,828 രൂപയുടെയും കൃഷി നാശമുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ചുവപ്പ് നാടയിലാണ്. 2013ല്‍ 26 ലക്ഷത്തോളം കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഈവര്‍ഷം കൃഷി നാശം സംഭവിച്ചത് ജില്ലയിലെ ഭക്ഷ്യ ഉല്‍പ്പാദനത്തേയും വാഴ, കവുങ്ങ്, കുരുമുളക് തുടങ്ങിയവയുടെ ഉല്‍പാദനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it