Idukki local

വരള്‍ച്ച: ജലവും ഫണ്ടും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി

തൊടുപുഴ: ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കുന്നതിനു ഇത്തവണ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.കഴിഞ്ഞതവണ ഈ സൗകര്യം ദുരുപേയാഗം ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. വാഹനങ്ങളില്‍ വെള്ളം കൊണ്ടുപോയതായി വ്യാജരേഖകളും വൗച്ചറുകളും നല്‍കി വന്‍തുക ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു തട്ടിയിരുന്നു.
ഇതൊഴിവാക്കാനാണ് ഇക്കുറി ടാങ്കറുകളില്‍ വെള്ളമടിക്കുന്നതിനു കര്‍ക്കശ നിയന്ത്രണം ഏര്‍ട്ടെടുത്തുന്നതെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വരള്‍ച്ചാ കെടുതി ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിതാശ്വാസ കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കുടിവെള്ളക്ഷാമം രൂക്ഷമായിടത്ത് ജലസംഭരണികള്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി 10 ദിവസത്തിനകം അറിയിക്കാന്‍ തഹസില്‍ദാര്‍മാരോട് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ നിര്‍ദേശിച്ചു.
5000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളാണ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുക. ഇത്തരത്തില്‍ സംഭരണി സ്ഥാപിക്കേണ്ട സ്ഥലം ജലക്ഷാമം ഉള്ള പ്രദേശമാണെന്ന് വില്ലേജ് ഓഫിസര്‍മാര്‍ പരിശോധിക്കുകയും തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കുകയും ചെയ്യും. ശുദ്ധജല ദുരുപയോഗം തടയാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുകയും റെയ്ഡ് നടത്തുകയും ചെയ്യും.
റവന്യു, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ടാസ്‌ക് ഫോഴ്‌സിനു രൂപം കൊടുക്കുക. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുക്കും.
രാജീവ് ഗാന്ധി പദ്ധതി, തൊഴിലുറപ്പ് പദ്ധതി, എം.പി ഫണ്ട്, എം.എല്‍.എ ഫണ്ട് തുടങ്ങിയ വിവിധ പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി വേനലിനുമുമ്പ് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും ജില്ലാ കലക്ടര്‍ ബി.ഡി.ഒ. മാര്‍ക്ക് നിര്‍ദേശം നല്‍കി.
ശുദ്ധജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും പുനരുപയോഗ സാധ്യത പരമാവധി ഉപയോഗിക്കാനും നടപടികള്‍ സ്വീകരിക്കും.
ജില്ലാ ആസ്ഥാനത്തെ മഴവെള്ള സംഭരണിയുടെ കേടുപാടുകള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് തീര്‍ക്കാനും തീരുമാനമായി. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിക്കാതിരിക്കാന്‍ ബി.ഡി.ഒമാര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ബി.ഡി.ഒമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it