വരള്‍ച്ച: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം; കേന്ദ്രം കണ്ണടയ്ക്കരുത്

ന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിതം പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം. സംസ്ഥാനങ്ങള്‍ വരള്‍ച്ചയാല്‍ പൊറുതിമുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനു കണ്ണടച്ചിരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എഎപി മുന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവരുടെ സ്വരാജ് അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും എന്‍ വി രമണയും അടങ്ങുന്ന ബെഞ്ച്.
ഒമ്പതു സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണ്. അവിടെ വെള്ളമില്ലാത്തതു ജനജീവിതത്തെയും കാര്‍ഷികവൃത്തിയെയും ബാധിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി മഹാരാഷ്ട്ര കടുത്ത ജലക്ഷാമത്തിലാണ്. കഴിഞ്ഞവര്‍ഷം മാത്രം 3,228 കര്‍ഷകരാണു ജീവനൊടുക്കിയതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 7,983 കോടി രൂപ വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ പദ്ധതി വേണ്ടവിധം നടപ്പാക്കിയില്ലെന്നു കോടതി നിരീക്ഷിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്രമായ രൂപരേഖ തയ്യാറാക്കണം. കര്‍ഷകര്‍ക്കു വിതരണം ചെയ്യേണ്ട നഷ്ടപരിഹാരത്തുകയുടെ വിശദാംശങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിശദ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസയച്ചു.
കേന്ദ്രസര്‍ക്കാര്‍ അവരുണ്ടാക്കിയ നിയമം പിന്‍തുടരുന്നില്ല. വര്‍ഷത്തില്‍ ഒരാള്‍ക്ക് 100 ദിവസം ജോലിനല്‍കുകയെന്ന വ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. തൊഴിലുറപ്പു പദ്ധതിക്കായി പണം നീക്കിവയ്ക്കുന്നതിലും ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക ഫണ്ട് വേണമെന്നു വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ല. രാജ്യത്തെ ഒമ്പതു സംസ്ഥാനങ്ങള്‍ വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുകയാണെന്നു നിരീക്ഷിച്ച കോടതി, ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അതിനു നേരെ കണ്ണടച്ചിരിക്കാനാവില്ലെന്നു വ്യക്തമാക്കി.
തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി ഉപയോഗിച്ചു വരള്‍ച്ച നേരിടാനുള്ള പദ്ധതികള്‍ കേന്ദ്രത്തിന് ആവിഷ്‌കരിക്കാനാവുമെന്നും കേന്ദ്രസര്‍ക്കാരാണ് ഇതിനു മുന്നിട്ടിറങ്ങേണ്ടതെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസത്തിന്റെ ഭാഗമായി തങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഹരജിയില്‍ ഇന്നും വാദം തുടരും. നേരത്തെ സ്വരാജ് അഭിയാന്റെ ഹരജി പരിഗണിക്കവെ ഭക്ഷ്യസുരക്ഷയുള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാത്ത ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടിനെ സുപ്രിംകോടതി രൂക്ഷമായാണു വിമര്‍ശിച്ചത്. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഗുജറാത്ത് എന്താ ഇന്ത്യയില്‍ അല്ലേയെന്നു കോടതി ചോദിച്ചിരുന്നു.
Next Story

RELATED STORIES

Share it