വരള്‍ച്ച: ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്തു കുടിവെള്ളക്ഷാമം അതിരൂക്ഷമായതോടെ പരിഹാരമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേക യോഗം വിളിച്ചു. നാളെ രാവിലെ ഒമ്പതിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണു യോഗം. ധന, റവന്യൂ, ജലസേചനവകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ജലവകുപ്പ് ചീഫ് എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി എംഡി, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ശരാശരി താപനില 37 ഡിഗ്രി കടന്നതോടെ ചുട്ടുപൊള്ളുകയാണു കേരളം. 41.9 ഡിഗ്രിയെന്ന റെക്കോഡ് താപനിലയാണ് ഇന്നലെ പാലക്കാട്ടെ മലമ്പുഴയില്‍ അനുഭവപ്പെട്ടത്. 2010ല്‍ രേഖപ്പെടുത്തിയ 41.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.
ഈ സാഹചര്യത്തില്‍ വരള്‍ച്ചാബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലുണ്ടോയെന്നു ഉന്നതതല യോഗം പരിശോധിക്കും. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ കുറവുണ്ടായതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ ഗണ്യമായ കുറവുണ്ടായി. വേനല്‍മഴയില്‍ 56 ശതമാനത്തിന്റെ കുറവുണ്ടായതും കുടിവെള്ളക്ഷാമം രൂക്ഷമാക്കി. 118 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലി മീറ്ററാണ്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് വേനല്‍മഴ രേഖപ്പെടുത്തിയത്. ജലസംഭരണികളും വറ്റുകയാണ്. പൊന്‍മുടി, കുളമാവ്, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ ഡാമുകളിലെല്ലാം ജലനിരപ്പ് കുത്തനെ താഴ്ന്നു. സംസ്ഥാനത്തെ 2000 ഹെക്ടറിലെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി. 1100 ഹെക്ടര്‍ നെല്‍കൃഷിയും 900 ഹെക്ടര്‍ നാളികേരകൃഷിയും നശിച്ചു. ഇന്നലെ കോഴിക്കോട്- 38.3, കണ്ണൂര്‍-37.4, കൊച്ചി- 34.6, ആലപ്പുഴ- 37, പുനലൂര്‍, കോട്ടയം, വെള്ളാണിക്കര- 36, തിരുവനന്തപുരം- 35.0 എന്നിങ്ങനെ ചൂട് രേഖപ്പെടുത്തി.
വേനല്‍മഴയിലെ കുറവാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. അടുത്ത രണ്ടാഴ്ച വീണ്ടും ചൂട് വര്‍ധിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. മേയ് മാസത്തിലും തല്‍സ്ഥിതി തുടരുമെന്നാണു സൂചന.
Next Story

RELATED STORIES

Share it