വരള്‍ച്ചാ സഹായം: 76 അപേക്ഷകള്‍ തള്ളി

ഉസ്മാനാബാദ്(മഹാരാഷ്ട്ര): 16 മാസത്തിനുള്ളില്‍ 200ലേറെ കര്‍ഷകര്‍ ജീവനൊടുക്കിയ മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശമായ ഉസ്മാനാബാദിലെ 76 കുടുംബങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു നല്‍കിയ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി. ആത്മഹത്യ ചെയ്ത 76 കര്‍ഷകരുടെ ബന്ധുക്കള്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ തള്ളിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായി നാലുവര്‍ഷം കടുത്ത വരള്‍ച്ച നേരിട്ട ഉസ്മാനാബാദ് ജില്ലയിലെ 212 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ 120 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ 76 ശുപാര്‍ശകള്‍ തള്ളിയതായും 16 ആത്മഹത്യ കേസുകളില്‍ അന്വേഷണം നടന്നുവരുന്നതായും രേഖകളില്‍ പറയുന്നു. 2015ല്‍ 164 കര്‍ഷകരാണ് ഉസ്മാനാബാദില്‍ ആത്മഹത്യ ചെയ്തത്. രണ്ട് ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. ഈ വര്‍ഷം ഏപ്രില്‍ വരെ 48 കര്‍ഷകര്‍ ജീവനൊടുക്കി.
Next Story

RELATED STORIES

Share it