malappuram local

വരള്‍ച്ചാ മുന്നൊരുക്കം; ജില്ലയ്ക്കായി ഒരുകോടി രൂപ അനുവദിച്ചു: കലക്ടര്‍

മലപ്പുറം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കുറവായ പശ്ചാത്തലത്തില്‍ ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചതായി ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു.
കിണറുകളും കുളങ്ങളും ചിറകളും ശുചീകരിച്ച് പരമാവധി വെള്ളം സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കും. ജനകീയ കൂട്ടായ്മകളിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് മുന്‍ഗണന നല്‍കുക. എന്‍ജിഒകള്‍, എന്‍സിസി, എന്‍എസ്എസ്, എന്‍െൈവകെ തുടങ്ങിയ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച് ജില്ലയിലെ കിണറുകളും കുളങ്ങളും സംഭരണ യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഒരു പ്രവൃത്തിക്ക് പരമാവധി 50,000 രൂപ ചെലവഴിക്കുന്നതിനാണ് പദ്ധതി പ്രകാരം അനുമതിയുള്ളത്.
ഡിസംബര്‍ 15 നകം ജോലികള്‍ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികളുടെ നിര്‍ദേശ പ്രകാരം ധനവിനിയോഗത്തിനുള്ള സമയ പരിധി നീട്ടി നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എംഎല്‍എമാരായ ടി എ അഹമ്മദ് കബീര്‍, കെ ടി ജലീല്‍, പി ഉബൈദുള്ള, തിരൂര്‍ ആര്‍ഡിഒ ജെ ഒ അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it