കേന്ദ്രസര്‍ക്കാരിനു മൂന്നാംതവണയും സുപ്രിംകോടതിയുടെ വിമര്‍ശനം; വരള്‍ച്ചാ ബാധിതരായി സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുവോളം കാത്തിരിക്കണോ?

ന്യൂഡല്‍ഹി: വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മതിയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അഭാവം കാരണം കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രിംകോടതിയുടെ വിമര്‍ശനം. ഓരോ സംസ്ഥാനവും തങ്ങള്‍ വരള്‍ച്ചാബാധിത പ്രദേശമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണോയെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു.
വരള്‍ച്ചാബാധിത സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാപകനേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവരുടെ സ്വരാജ് അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും എന്‍ വി രമണയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്.
എന്നാല്‍, തങ്ങളുടെ നടപടികളെ ന്യായീകരിക്കാനാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നിര്‍മല ശ്രമിച്ചത്. വരള്‍ച്ചാബാധിത സംസ്ഥാനമെന്നു പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അതിന്റേതായ സംവിധാനങ്ങളും നടപടിക്രമങ്ങളും ഉണ്ട്. വരള്‍ച്ച കൈകാര്യംചെയ്യാനുള്ള കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലേയെന്നു കോടതി ചോദിച്ചു. ഇവിടെയൊരു ഫെഡറല്‍ ഘടനയുണ്ടെന്നും ആ സംസ്ഥാനങ്ങള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്രം മറുപടിനല്‍കി. അങ്ങിനെ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. ഓരോ സംസ്ഥാനത്തും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുണ്ട്. കേന്ദ്രത്തിന് അവരുടെ അധികാരങ്ങളില്‍ ഇടപെടാനാവില്ല. അവര്‍ക്ക് പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ കേന്ദ്രം അതു നല്‍കുന്നതാണെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ ഹരിയാനാ സര്‍ക്കാരിനെയും ബെഞ്ച് വിമര്‍ശിച്ചു. വരള്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ ഹരിയാനയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഴുവന്‍ വിവരങ്ങളും ഇല്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കോടതി തള്ളി. ഹരജിയില്‍ വാദം തുടരും.
സംസ്ഥാനങ്ങള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനു കണ്ണടച്ചിരിക്കാനാവില്ലെന്നും ജനങ്ങള്‍ക്കു തൊഴിലും ജീവിതസുരക്ഷയും ഉറപ്പുനല്‍കുന്ന തൊഴിലുറപ്പുപദ്ധതി പോലുള്ളവ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും കോടതി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച ഹരജി പരിഗണിക്കാനായി എടുത്തെങ്കിലും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാവേണ്ടിയിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വൈകിയെത്തിയതിനാല്‍ അന്നും സര്‍ക്കാര്‍ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it