Editorial

വരള്‍ച്ചയെ നേരിടാന്‍അടിയന്തര നടപടികള്‍ വേണം

പത്ത് സംസ്ഥാനങ്ങളിലെ 254 ജില്ലകളിലായി 33 കോടി ഇന്ത്യക്കാര്‍ വരള്‍ച്ചയുടെ ദുരിതം അനുഭവിക്കുന്നതായാണു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചത്. ഇന്ത്യന്‍ ജനതയുടെ 25 ശതമാനത്തിലേറെ ആളുകളാണ് ജലക്ഷാമം നേരിടുന്നത്. ഉത്തര്‍പ്രദേശില്‍ 75ല്‍ 50, മധ്യപ്രദേശില്‍ 510ല്‍ 46, മഹാരാഷ്ട്രയില്‍ 36ല്‍ 21, ജാര്‍ഖണ്ഡില്‍ 24ല്‍ 22, കര്‍ണാടകയില്‍ 30ല്‍ 27 ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ആന്ധ്രയിലും തെലങ്കാനയിലും സ്ഥിതി ഒട്ടും മെച്ചമല്ല. തെലങ്കാനയില്‍ കൊടുംചൂട് നൂറോളംപേരുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു.
കേരളവും ചുട്ടുപൊള്ളുകയാണ്. കുടിവെള്ളക്ഷാമം നേരിടുന്നു. പുഴകളും കിണറുകളും വരണ്ടിരിക്കുന്നു. ജലസംഭരണികള്‍ വരളുന്നു, കാര്‍ഷികരംഗത്തും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ട്. കന്നുകാലികളെ വിറ്റഴിച്ച് ഗ്രാമങ്ങളില്‍നിന്നു പച്ചപ്പുകള്‍ തേടി ജനങ്ങള്‍ കൂട്ടമായി നാടുവിടുന്നു. കാട്ടിലും കുടിനീര് വറ്റിയ വാര്‍ത്തകള്‍ വന്നുതുടങ്ങി. ഇന്നേവരെ രാജ്യം കണ്ടതില്‍വച്ചേറ്റവും രൂക്ഷമായ വരള്‍ച്ചയുടെ നാളുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. വേനല്‍ പകുതിയായതേയുള്ളു. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് ഇനിയും കുറഞ്ഞത് ഒന്നരമാസം കാത്തിരിക്കണം.
ഇത്തരമൊരു സാഹചര്യം പെട്ടെന്ന് രൂപപ്പെട്ടതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ അവസ്ഥ തീരെ അപ്രതീക്ഷിതമല്ലതാനും. ചൂട് ഓരോ വര്‍ഷം കഴിയുംതോറും കൂടിവരുകയാണ്. ഇതിനുള്ള കാരണങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷം സപ്തംബറോടെ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു. ദുര്‍ബലമായ വടക്കുകിഴക്കന്‍ കാലവര്‍ഷം വരാനിരിക്കുന്ന ജലക്ഷാമത്തെക്കുറിച്ച വ്യക്തമായ മുന്നറിയിപ്പായിരുന്നു. കടംകൊണ്ടു മാത്രമല്ല, വലിയ കൃഷിനാശവും കര്‍ഷകരുടെ വന്‍തോതിലുള്ള ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്.
ജനലക്ഷങ്ങളുടെ ദുരിതംപോലും ലാഭമടിക്കാനുള്ള മാര്‍ഗമായി കാണുന്ന മനസ്ഥിതിയും നിലനില്‍ക്കുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ രാഷ്ട്രീയക്കാരാണ് ജലക്ഷാമത്തിനു പിന്നിലെന്ന ആരോപണം കഴമ്പുള്ളതാണ്. കൂടുതല്‍ വെള്ളം വേണ്ടിവരുന്ന വിളയാണ് കരിമ്പ്. പഞ്ചസാര ഫാക്ടറി ഉടമകളായ രാഷ്ട്രീയക്കാര്‍ ലാത്തൂരിലെ വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ കരിമ്പുകൃഷി നടത്തുകയും, കരിമ്പുതോട്ടങ്ങളിലേക്ക് കനാലുകളില്‍നിന്നു വെള്ളം തിരിച്ചുവിടുകയും ചെയ്യുന്നതായാണ് ആരോപണമുയരുന്നത്. നഗങ്ങളിലും ഉള്‍നാടുകളിലും വെള്ളമെത്തിക്കുന്ന ടാങ്കര്‍മാഫിയയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇതോടൊപ്പമാണ് വെള്ളത്തിന്റെ ദുരുപയോഗവും ധൂര്‍ത്തും. ഗോള്‍ഫ് കോഴ്‌സുകള്‍ക്കും സമ്പന്നരുടെ നീന്തല്‍ക്കുളങ്ങള്‍ക്കും വെള്ളം ചെലവഴിക്കുന്നത് നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ധൈര്യം പോര.
ഇത്തരം അതിരൂക്ഷമായ സാഹചര്യം രൂപപ്പെടുമ്പോഴും വരള്‍ച്ച നേരിടുന്നതിന് ഫലപ്രദവും ഭാവനാപൂര്‍ണവുമായ നടപടികളൊന്നുമുണ്ടായില്ല. വരള്‍ച്ച നേരിടാന്‍ ഒരുങ്ങുന്നതിന് സംസ്ഥാനങ്ങളെ ഉണര്‍ത്താനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടായിരുന്നു. പ്രതിസന്ധി നേരിടുന്നതിന് ആവശ്യമായ താല്‍പര്യവും ശ്രദ്ധയും സംസ്ഥാനങ്ങളും കാണിച്ചില്ല.
Next Story

RELATED STORIES

Share it