വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം പഠനം നടത്തും

ന്യൂഡല്‍ഹി: രാജ്യത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ജലലഭ്യതയുടെ അവസ്ഥയെക്കുറിച്ച് കേന്ദ്രസംഘം പഠനം നടത്തി ദീര്‍ഘകാല പരിഹാരനടപടികള്‍ തയ്യാറാക്കും. കേന്ദ്ര ജല കമ്മീഷനിലെയും കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിലെയും അംഗങ്ങളടങ്ങിയ സംഘമാണ് ഈ വര്‍ഷം ജൂണ്‍ വരെ വരള്‍ച്ചബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജലസ്രോതസ്സുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിക്കുകയും അവ സംരക്ഷിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ സംഘം നിര്‍ദേശിക്കുകയും ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ സംഘം കേന്ദ്ര ജല കമ്മീഷന്റെയും ഭൂഗര്‍ഭജല ബോര്‍ഡിന്റെയും അധ്യക്ഷന്‍മാര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. അവ ശുപാര്‍ശയോടുകൂടി ജലവിഭവ മന്ത്രാലയത്തിനു കൈമാറുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജൂണ്‍ മാസം വരെ ഈ പ്രക്രിയ തുടരാനാണു തീരുമാനം. അതതു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരാണ് പരിശോധിക്കേണ്ട മേഖലകള്‍ നിശ്ചയിക്കുക. സംസ്ഥാന ജലവിഭവ വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെയും സംഘത്തില്‍ ഉള്‍പ്പെടുത്തും.
അതിനിടെ വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ഭക്ഷണലഭ്യത ഉറപ്പുവരുത്താന്‍ അവരെ പൊതുവിതരണ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എച്ച് എല്‍ ദത്തു ആവശ്യപ്പെട്ടു. ഭക്ഷ്യാവകാശം സംബന്ധിച്ച് കമ്മീഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ റിപോര്‍ട്ട് അനുസരിച്ച് 10 സംസ്ഥാനങ്ങളിലെ 254 ജില്ലകളും വരള്‍ച്ചയുടെ പിടിയിലാണ്. ജനസംഖ്യയുടെ കാല്‍ഭാഗം ഇതുമൂലം ദുരിതമനുഭവിക്കുകയാണെന്നും ദത്തു പറഞ്ഞു.
Next Story

RELATED STORIES

Share it