വയോജന ക്ഷേമത്തിന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: വയോജന ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. രാജ്യത്തെ പത്ത് കോടിയിലേറെ വരുന്ന വയോജനങ്ങളുടെ സൗകര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി ജീവിതാവസാന സമയത്ത് അവര്‍ക്കു മതിയായ സുരക്ഷയും സഹാനുഭൂതിയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ യു യു ലളിത്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യം, വൈദ്യസഹായം എന്നിവ വൃദ്ധജനങ്ങള്‍ക്കു ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ അശ്വിനികുമാര്‍ ഇതുസംബന്ധമായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വൃദ്ധജനങ്ങളുടെ ജീവിതസാഹചര്യം വളരെ പരിതാപകരമാണെന്ന് അശ്വിനികുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം ലക്ഷം കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി ഒരുവര്‍ഷം 25 കോടി രൂപ മാത്രമാണു നീക്കിവയ്ക്കുന്നത്. എന്നാല്‍, ഇതിന്റെ പകുതിപോലും സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. വയോജനക്ഷേമം സംബന്ധിച്ച മോഹിനി ഗിരിയുടെ റിപോര്‍ട്ട് 2011ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പിന്നെ നടപടിയൊന്നും ഉണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ 10.38 കോടി മുതിര്‍ന്ന പൗരന്മാരാണുള്ളത്. 2021ഓടെ അത് 14.3 കോടിയായി ഉയരും. ജീവിതത്തില്‍ ഏറ്റവും പരിചരണം ആവശ്യമായ ഘട്ടത്തില്‍ സ്വന്തം മക്കള്‍ അവരെ അവഗണിക്കുമെന്നതിന് വ്യക്തിപരമായി തന്നെ അനുഭവമുണ്ട്. ഭക്ഷണത്തിനുവേണ്ടി പലര്‍ക്കും അയല്‍വാസികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. വയോജനങ്ങളുടെ ക്ഷേമത്തിനായി പലപ്പോഴായി ധാരാളം പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, അവ നടപ്പാക്കുന്നതിനുള്ള കാലതാമസം മൂലം പദ്ധതികളുടെ പ്രയോജനം അതിന്റെ ഉപഭോക്താക്കള്‍ക്ക് എത്തുന്നില്ല. അതിനാല്‍ ഇത്തരം പദ്ധതികള്‍ക്കായി നീക്കിവച്ച തുക ലാപ്‌സായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞമാസം കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ വ്യവസ്ഥ ചെയ്യണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. സംസ്ഥാനത്തിനു വേണ്ടി മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ക്കുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ വി കെ ബീരാനാണ് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദ ഗൗഡയെ അറിയിച്ചത്.
Next Story

RELATED STORIES

Share it