wayanad local

വയലുകള്‍ തരിശാവുന്നു; കണിയാരത്തെ തടയണ നവീകരിക്കാന്‍ നടപടിയില്ല

മാനന്തവാടി: 200ഓളം കുടുംബങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും ആശ്രയമായിരുന്ന തടയണ അണക്കെട്ട് നാശത്തിന്റെ വക്കിലെത്തിയിട്ടും നവീകരിക്കാന്‍ നടപടികളില്ല.
1964ല്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച തടയണയാണ് അപകട ഭീഷണിയിലായിരിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് 50,000 രൂപ ചെലവില്‍ മരത്തിന്റെ ഷട്ടറുകള്‍ നിര്‍മിച്ചതൊഴിച്ചാല്‍ യാതൊരു അറ്റകുറ്റപ്പണിയും നടത്താത്തതാണ് 400 ഏക്കറോളം നെല്‍വയല്‍ കൃഷിക്കുപയോഗിച്ചിരുന്ന തടയണ നശിക്കാന്‍ ഇടയാക്കിയത്. നിലവില്‍ ഇത്രയും നെല്‍വയലുകളില്‍ ഭൂരിഭാഗവും വെള്ളം ലഭിക്കാതെ തരിശിടുകയോ തരം മാറ്റുകയോ ചെയ്തിരിക്കുകയാണ്.
തടയണയുടെ ഷട്ടറുകള്‍ ദ്രവിച്ച നശിച്ചതോടെ മണല്‍ച്ചാക്കുകള്‍ വച്ചും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും നാട്ടുകാര്‍ വെള്ളം കെട്ടിനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കര്‍ഷകരില്‍ നിന്നു നാമമാത്ര തുക ഈടാക്കി ആദ്യകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.
അണക്കെട്ടില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ സമീപപ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ളം സുലഭമായിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണികള്‍ നിലച്ചതോടെ മണ്ണ് നിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞു.
കനാലിന് ചുറ്റും കാടുമൂടുകയും ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 33, അഞ്ച് വാര്‍ഡുകളിലെ കര്‍ഷകര്‍ക്കായിരുന്നു തടയണയുടെ പ്രയോജനം ലഭിച്ചിരുന്നത്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണ് പ്രദേശവാസികള്‍ക്ക് ദോഷകരമായത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ പുനര്‍നിര്‍മിച്ച് പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കും അനുയോജ്യമായ വിധത്തില്‍ നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it